Dec 28, 2012

ശിക്ഷകൾ ശിക്ഷണത്തിനാവണം


ഡൽഹിയുടെ തെരുവ് പ്രതിഷേധങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ഡൽഹിയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന വൃത്തികെട്ട അക്രമണം ഇന്നൊ ഇന്നലേയോ തുടങ്ങിയതല്ല, ഗർഭിണിയുടെ വയറിൽ നിന്നും കുഞ്ഞിനെ കുത്തിപുറത്തെടുത്ത കാപാലികൻ അഭിമാനത്തേടെ ഏറ്റുപറഞ്ഞതും നമ്മുടെ നാട്ടിലാണ്. അന്നാരും തെരുവിലിറങ്ങിയില്ല. അതിന് വർഗീയ രാഷ്ട്രീയത്തിന്റെ മാനമുണ്ടായിരുന്നു. രാഷ്ട്രീയവും ജാതിയും മതവും നോക്കാതെ അക്രമികൾ നീതിപൂർവ്വം ശിക്ഷിക്കപെടുകയാണെങ്കിൽ തീർച്ചയായും മാറ്റങ്ങളുണ്ടാവും. പക്ഷെ അധികാരവർഗങ്ങളുടെ ഇടപെടലുകളിൽ നിന്നും അത്തരമൊരു നടപടി പ്രതീക്ഷിക്കാനാവുമൊ? രാഷ്ട്രീയക്കാരും കോർപറേറ്റുകളുമാണ് ക്രിമിനലുകളെ സൃഷ്ടിക്കുന്നത്. എന്ത് തോന്ന്യവാസം ചെയ്താലും രക്ഷപെടാനും രക്ഷിക്കാനും മാർഗങ്ങളുണ്ടാവുമ്പോൾ ക്രിമിനൽ മനസ്സുകൾക്ക് ആവേശം കൂടും. കുറ്റവാളികളെ സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയുണ്ടാവുന്നത് വരെ പല തരത്തിലുള്ള കുറ്റവാളികളും കുറ്റകൃത്യങ്ങളുമുണ്ടായികൊണ്ടിരിക്കും.

ജനാതിപത്യത്തിന് ശക്തികൂട്ടാൻ വേണ്ടി ജയിലുകളിൽ നിന്ന് ലോകസഭയിലേക്കും നിയമസഭയിലേക്കും വന്നുകൊണ്ടിരിക്കുന്ന ക്രിമിനലുകളെ മാറ്റി നിർത്താൻ നിയമമുണ്ടാക്കണം.  ജയിൽ ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്ന ക്രിമിനലുകൾ ഭരണകേന്ദ്രങ്ങളിലുണ്ടാകുമ്പോൾ നിയമവും നടപടികളും പ്രഹസനമായി തീരും. ഉദ്യോഗസ്ഥന്മാർ തെറ്റു ചെയ്താൽ കൂടുതൽ കഠിന ശിക്ഷ നൽകിയിരുന്ന കാലത്ത് ചൈനയിൽ കൈകൂലി വാങ്ങാൻ ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നില്ല. ശിക്ഷയെ കുറിച്ചുള്ള ബോധമായിരുന്നു നേർവഴിക്ക് നയിച്ചിരുന്നത്. ശിക്ഷകൾ പ്രഹസനമാകുമ്പോൾ അനീതി പ്രത്യക്ഷപെടുന്നു, നീതി നടപ്പിലാക്കേണ്ടവർ പോലും അനീതി ചെയ്യുന്നത് കൂടുതലായി കാണപെടുന്നു. പട്ടാളക്കാർ ഇറങ്ങിയാൽ അവർക്ക് നിയമം വേറെയാണെന്നൊരൂ ധ്വനി വരെ സമൂഹത്തിലുണ്ട്, സത്യവുമാണ്. പട്ടാളത്തിലുള്ളവരിൽ ചിലരെങ്കിലും അതിക്രമങ്ങൾ ചെയ്യുന്നതിനിത് കാരണമാകുന്നുണ്ട്.  ഡൽഹി പീഡന വിഷയത്തിൽ തെരുവിലിറങ്ങിയ ജനങ്ങളെ കുറിച്ച് അത്ഭുതപെട്ട അരുന്ധതി റോയ് ചോദിച്ചത് സൈന്യവും പോലീസുകാരും ബലാത്സംഗം ചെയ്ത സ്ത്രീകളുടെ വിഷയത്തിൽ എത്രപേർ സമരത്തിനിറങ്ങിയിട്ടുണ്ടെന്നാണ്. ദൽഹിയിൽ പോലും ഇന്നലെ തുടങ്ങിയതല്ല സ്ത്രീകൾക്കെതിരെയുള്ള അക്രമണം, ഇപ്പോൾ ഇരയായത് സമ്പന്ന കുടുംബത്തിലെ ഉന്നതകുലജാതയായത് കൊണ്ടാണെന്നും അരുന്ധതി തുറന്നടിക്കുന്നു. അരുന്ധതിയെപോലുള്ളവർക്ക് അങ്ങിനെയൊക്കെ പറയാനുള്ള ഊർജ്ജം ലഭിച്ചിട്ടുണ്ട്, അത്തരം പ്രഖ്യാപനങ്ങൾ നടത്തിയത് സൊസൈറ്റിയിൽ അത്ര തന്നെ സ്വാധീനമില്ലാത്തവരായിരുന്നു എങ്കിൽ അതുമതിയാകുമായിരുന്നു പുലിവാല്. മനസ്സിലാക്കിയ സത്യങ്ങള് തുറന്നു പറഞ്ഞതിന്റെ പേരിൽ ശാഹിന എന്ന ലേഖിക എന്തെല്ലാം നൂലാമാലകളിൽ പെട്ടു! രാജ്യത്ത് രണ്ടു തരം നീതി രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നു. അത്തരം ചില ‘മാനസ്സിക രോഗി’കളുടെ കേസുകള് ഈ അടുത്ത് നാം അറിഞ്ഞതാണ്.

സമൂഹം ഇടപെടുന്നത് രാഷ്ട്രീയവും ജാതിയും മതവും നോക്കിയാണ്, അത്തരത്തിൽ വർഗീകരിക്കപെട്ട മനസ്സുകളാണ് സമൂഹത്തിനുള്ളത്. ഡൽഹിയിലെ പാവം പെൺകുട്ടിയെ ക്രൂരമായ് പീഢിപ്പിച്ചതിനെതിരെ അനിയന്ത്രിതമായ പ്രതികരണമുണ്ടായി, ഇത്തരം പ്രതിഷേധങ്ങൾ എല്ലാ സ്ത്രീ അതിക്രമണങ്ങൾക്കുമെതിരെ ഉയരുകയാണെങ്കിൽ എന്നോ നാട് നന്നാവുമായിരുന്നു.  ബഷീർ വള്ളിക്കുന്ന് എഫ്.ബി.യിൽ സ്റ്റാറ്റസിട്ടത് പോലെ, സ്ത്രീ പീഢനങ്ങൾക്കെതിരെ പ്രതിഷേധിക്കാന്‍ ഡൽഹിയില്‍ തടിച്ചു കൂടിയ ലക്ഷക്കണക്കിന്‌ ചെറുപ്പക്കാരെങ്കിലും സ്ത്രീകളെ പീഢിപ്പിക്കാതെയിരുന്നിരുന്നെങ്കില്‍ ഡൽഹി എന്നേ നന്നായേനെ.

കുറ്റവാളികൾ ശിക്ഷിക്കപെടണമെന്നതിൽ ലോകത്ത് രണ്ടഭിപ്രായമില്ല. ശിക്ഷാവിധികളിലാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളത്. ശിക്ഷ എന്ന ശിക്ഷണം ശിക്ഷിതനുമാത്രമല്ല, പൊതു സമൂഹത്തിന് ശിക്ഷാ നടപടികളെ കുറിച്ചുള്ള ബോധമുണ്ടാകാനാണ്. ചില പ്രത്യേക വിഷയങ്ങളിൽ അപരാധിയുടെ ശിക്ഷണത്തിനപ്പുറം സമൂഹത്തിന് പാഠമാകാനാണ് വധശിക്ഷകൾ നടപ്പിലാക്കുന്നത്, അത് മനുഷ്യ ജീവന്റെ പവിത്രത മാനിക്കപെടാൻ വേണ്ടിയാണ്. ഈ അടുത്ത് തൂക്കികൊന്ന കസബിന്റെ ശിക്ഷാ നടപടിയും അത്തരത്തിലുള്ളതാണ്. കസബിനെ ജയിലിലാക്കിയതിന് ശേഷം മനം മാറ്റം വന്നതൊ, തെറ്റു മനസ്സിലാക്കുകയും തെറ്റുകളിൽ പശ്ചാതാപം തോന്നിയതോ ശിക്ഷാമുറകളിൽ നിന്നും ഒഴിവാകാൻ കാരണമല്ല, കാരണം അത്തരം സന്ദർഭങ്ങളിൽ ശിക്ഷ നൽകുക വഴി ശിക്ഷണം നടപ്പിലാക്കുന്നത് ശിക്ഷിതനെ മാത്രമല്ല, സമൂഹത്തെയാണ്.  ജീവിത വസന്തമായ യുവത്വത്തിന്റെ ചോരത്തിളപ്പിൽ നിഷ്ഠൂരമായി കൊന്നൊടുക്കിയത് ഒരിക്കൽ പോലും ജീവിതത്തിൽ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത കുറേ പാവം മനുഷ്യരെയായിരുന്നു. അതിനുള്ള തക്ക ശിക്ഷ കോടതിയിൽ നിന്നും കൊലകയറിലൂടെ കസബ് നേടിയെടുത്തപ്പോൾ അവൻ പാടികൊണ്ടിരിക്കുകയായിരുന്നു, ഹം ഛോഡ് ചലെ.. എന്നു തുടങ്ങിയ മുകേഷിന്റെ പാട്ട് ആത്മാവിൽ നിന്നുരുവിട്ട് കൊണ്ടിരുന്നത് അവനെ കുറിച്ച് ലോകം ഓർക്കരുതെന്ന് പറഞ്ഞുകൊണ്ടാണ്, ആ പാട്ടിന്റെ വരികൾ പറയുന്നതുമതാണ്. എന്നാൽ അവനു നൽകിയ ശിക്ഷ അവനെ തിരുത്താനല്ല, അത് ജീവിച്ചിരിക്കുന്ന സമൂഹത്തിന് പാഠമാകാനാണ്. അതുകൊണ്ട് തന്നെ കസബുമാർ ഓർമ്മിക്കപെടണം, എന്തിന് തൂക്കുകയറിലേറ്റി കൊന്നതെന്നും മനുഷ്യ സമൂഹം ഓർത്തുകൊണ്ടിരിക്കണം.  മനുഷ്യത്വമില്ലാത്ത അക്രമണങ്ങൾക്കൊരിക്കലും മാപ്പ് ലഭിക്കില്ലെന്നു മാത്രമല്ല നിഷ്ഠൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന പാഠം തെറ്റുകളിൽ നിന്നും മനുഷ്യനെ മാറ്റി നിർത്തട്ടെ.

വധശിക്ഷ ഒഴികെയുള്ള ശിക്ഷകൾ ശിക്ഷണങ്ങളായാൽ കുറ്റവാളിയിൽ മനപരിവർത്തനം സാധ്യമാകും. അതിനുള്ള സാഹചര്യങ്ങൾ ജയിലുകളിൽ സൃഷ്ടിക്കപെടണം. എന്നാൽ നമ്മുടെ നാട് അടക്കം പല രാഷ്ട്രങ്ങളിലും ജയിലുകളാണ് കുറ്റവാളിയെ സൃഷ്ടിക്കുന്നത്, മനപരിവർത്തനമുണ്ടാകുന്നത് കുറ്റവാസനയിലേക്കാണ്, ജയിലുകളും ജയിൽ വാർഡന്മാരും ഇടപെടുന്ന രീതിയും സൃഷ്ടിക്കുന്ന പരിതസ്ഥിതി അത്തരത്തിലാണ്. അതിൽ നിന്നും മാറ്റമുണ്ടാവണമെങ്കിൽ ഉദ്യോഗസ്ഥന്മാരുടെ മനസ്സ് മാറുകയും കുറ്റവാളികൾക്ക് വായിക്കാനും അറിവ് നേടാനും അവസരങ്ങളും ജോലിചെയ്ത് നല്ല മാർഗത്തിലൂടെ സമ്പാദിച്ചു ശീലിക്കാനും ഉതകുന്നതായിരിക്കണം. അങ്ങിനെ അവസരങ്ങളെ പോസിറ്റീവായി ഉപയോഗപെടുത്താൻ ട്രൈനിങ്ങുകളും കൌൺസിലിങ്ങുകളും ഉണ്ടെങ്കിൽ വലിയ മാറ്റങ്ങളുണ്ടാവും. ജയിലുകളിലുള്ളവരെ അദ്ധ്വോന ശീലരാക്കുന്നതിനും അതുവഴി സമ്പാദന ശീലമുണ്ടാക്കുന്നതിനും വേണ്ടി പല തരത്തിലുള്ള തൊഴിലുകൾ നൽകുന്നുണ്ട്. അത് ദുർവിനിയോഗം ചെയ്യപെടാനും പാടില്ല.

അമേരിക്ക ശീതയുദ്ധത്തിനുവേണ്ടി നിർമ്മിച്ച ആയുധപുരകൾ പിന്നീട് പ്രൈവറ്റ് ജയിലുകളായി മാറിയതിനു പിന്നിൽ കോർപറേറ്റ് കമ്പനികളും അവരെ നയിക്കുന്ന അധികാരവർഗങ്ങളുമായിരുന്നു. പൌരന്മാരെ തൊലിയുടെ നിറം നോക്കി അകാരണമായി അക്രമിക്കുകയും കുറ്റങ്ങൾ ചാർത്തി ജയിലിലടക്കുകയും ചെയ്യാൻ പ്രൈവറ്റ് ജയിലുകൾക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള ഉദ്ദ്യേഗസ്ഥന്മാർക്ക് അനുമതിയുണ്ടായിരുന്നു. വഴിയിൽ കണ്ടവരിലെല്ലാം അകാരണമായി കേസ് ചാർജ്ജ് ചെയ്തുകൊണ്ട് പ്രൈവറ്റ് ജയിലുകൾ നിറക്കുകയും വളരെ കുറഞ്ഞ പ്രതിഫലത്തിൽ അവരെ ജോലി ചെയ്യിപ്പിക്കുക എന്ന തന്ത്രം നടപ്പിലാക്കുകയും ചെയ്തു. ജയിലിന് പുറത്ത് ഡോളറുകൾ മണിക്കൂറിന് നൽകണമെങ്കിൽ ജയിലിനുള്ളിലുള്ളവർക്ക് അതിന്റെ പത്തിലൊന്ന് പോലും നൽകേണ്ടതില്ലായിരുന്നു. പ്രൈവറ്റ് ജയിലുകൾ വഴി കോർപ്പറേറ്റ് കമ്പനികൾ പല പ്രോഡക്റ്റുകളും നിർമ്മിച്ചു ലോകത്ത് വിതരണം ചെയ്തു വമ്പിച്ച ലാഭമുണ്ടാക്കി. ഭരണകൂടത്തിന്റെ ലക്ഷ്യം മാറുമ്പോൾ ജയിലുകൾ ചൂഷണത്തിന്റെതായ് മാറുന്നു.

ശീതയുദ്ധത്തിനു ശേഷമാണ് സ്വന്തം ജനങ്ങളെ പോലും അകാരണമായി കൊള്ളയടിക്കുന്ന സംസ്കാരം അമേരിക്കൻ ഭരണകൂടത്തിനുണ്ടായത്. മുമ്പ് വർണ്ണവിവേചനം ഉണ്ടായിരുന്ന കാലത്തും അക്രമങ്ങളും അനീതികളും ഉണ്ടായിരുന്നെങ്കിലും ചൂണത്തിന്റെ കോർപറേറ്റ് ചിന്തകൾ ഭരണകൂടത്തെ ഭരിച്ചിരുന്നില്ല. മാൽകം എക്സിനെ പോലുള്ള കരുത്തുറ്റ സമുദായ പോരാളികൾ സൃഷ്ടിക്കപെട്ടത് ജയിലുകളിൽ നിന്നായിരുന്നു. ചെറുപ്പത്തിൽ തന്നെ വർണ്ണ വെറിയന്മാരുടെ കൈകളാൽ പിതാവ് നഷ്ടപെട്ട മാൽകം പിന്നീട് ന്യൂയോർക്കിന്റെ തെരുവ് പുത്രനായി അക്രമിയായിട്ടാണ് വളരുന്നത്. അതിനുശേഷം കുറ്റവാളിയായി ശിക്ഷിക്കപെട്ട് ജയിലിലെ ലൈബ്രറിയിലൂടെ അറിവിന്റെ ലോകത്തേക്ക് എത്തപെടുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞു, ജയിൽ മോചനത്തിനുവേണ്ടി സഹോദരി മാൽകമിനെ സമീപിച്ചപ്പോൾ പുറത്തുവരാൻ തയ്യാറായില്ലെന്നും കൂടുതൽ വലിയ ലൈബ്രറി സൌകര്യമുള്ള ജയിലിലേക്ക് മാറ്റുന്നതിനു വേണ്ടി ശ്രമിക്കണമെന്നാണ് ആവശ്യപെട്ടത്. അങ്ങിനെ അറിവിന്റെ, വായനയുടെ ലോകത്ത് എത്തുകയും അടിച്ചമർത്തപെട്ട സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാൻ മാത്രം കരുത്താർജ്ജിക്കുകയും ചെയ്തു. പ്രസിഡന്റ് കെന്നഡി കൊല്ലപെട്ടപ്പോൾ ന്യൂയോർക്ക് ടൈംസിൽ മാൽകമിന്റെ വാക്കുകളായിരുന്നു ഏറെ ചർച്ചചെയ്യപെട്ടത്.

വായനലൂടെ, വിദ്യാഭ്യാസത്തിലൂടെ കരുത്താർജ്ജിക്കുകയും പൊതുസമൂഹത്തിന്റെ മുന്നിലേക്ക് വന്നെത്തുവാനും ലൈബ്രറി അടക്കമുള്ള വിദ്യഭ്യാസ സംവിധാനങ്ങളൊരുക്കുകയും നല്ല അറിവുകളുടെ ലോകത്തേക്ക് കുറ്റവാളികളെ തിരിച്ചുവിട്ടുകൊണ്ട് പോസിറ്റീവായ് ഉപയോഗപെടുത്താനുമായാൽ ജയിലുകളിൽ നിന്നും പുറത്തുവരുന്നതിൽ നല്ലൊരൂ ഭാഗം സാമൂഹിക ബോധമുള്ളവരായിരിക്കും. ജയിലുകൾ സാമൂഹിക പരിവർത്തന പരിഷ്കരണ കേന്ദ്രങ്ങളുമാവും. നല്ല അറിവുകൾ നേടിയവരിൽനിന്നെ നല്ല പ്രവർത്തികളുണ്ടാവൂ.

മലയാളം ന്യൂസ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Dec 8, 2012

കരകേറുന്ന കോർപറേറ്റുകൾ


 
ലോകത്ത് ആദ്യമായി നിയമങ്ങൾ എഴുതിവെച്ചത് ഉർ എന്നും സുമേറിയൻ ഭാഷയിൽ ഉരിം എന്നുമറിയപെടുന്ന ഇന്നത്തെ ഇറാഖിലാണ്. ബി.സി. ഇരുപതാം നൂറ്റാണ്ടിലാണത്. അപരാധത്തിനുള്ള ശാസനകളാണ് അതിലുള്ളത്. അതിന് ശേഷം ബാബിലോണിയൻ രാജാവായ ഹമ്മുറാബി രേഖപെടുത്തിയതും നടപ്പിലാക്കിയതുമായ നിയമങ്ങളാണ് ലോകത്തെ ആദ്യത്തെ ബൃഹത്തായ നിയമം. ഹമ്മുറാബി രേഖകളിൽ പകുതിയോളം ഉടമ്പടികളാണ്. കാളവണ്ടിക്കാരൻ മുതൽ വൈദ്യന്മാർക്കുള്ള വേതനത്തെ കുറിച്ചും മറ്റു വ്യവഹാരങ്ങൾ, ബാധ്യതകൾ, കുടുംബ ബന്ധങ്ങൾ, പിന്തുടർച്ചാവകാശം, വൈവാഹികം, വിവാഹമോചനം, പിതൃത്വം, ലൈംഗിക പെരുമാറ്റ രീതികൾ തുടങ്ങി സമൂഹത്തെ ചിട്ടപെടുത്താനുള്ള നിയമത്തിൽ ഭൂസ്വത്തുക്കളെ കുറിച്ചുവരെ പ്രതിപാദിക്കുന്നുണ്ട്ഭൂസ്വത്തായി അനുഭവിക്കാനും വ്യവഹാരം നടത്താനും നിയമങ്ങൾ ലോകത്ത് പലതും വന്നെങ്കിലും ഭൂനിയമം ലംഘിക്കപെടുന്നിന്റെ പേരിൽ വധശിക്ഷ വിധിക്കുന്നത് ലോകത്ത് ആദ്യമായി പലസ്തീൻ ഭൂമിയുടെ പേരിലായിരിക്കും.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഭൂമി വില്പന നടന്നിരുന്നു. മിഡിലീസ്റ്റിൽ അശാന്തിയുടെ വിത്തുപാകാൻ അന്ന് ഭൂമി വാങ്ങി കൂട്ടിയത് മുഴുവൻ ജൂതന്മാരായിരുന്നു. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും പലസ്തീനിലേക്ക് വന്നവർ വാങ്ങികൂട്ടിയ ഭൂമിയിൽ ബിസിനസ് നടത്തുകയായിരുന്നില്ല ലക്ഷ്യം, വീട് പണിത് അവിടെ താമസമാക്കാനാണ് ഉപയോഗിച്ചത്. പലസ്തീൻ അതോറിറ്റിയെ സംബന്ധിച്ച് അതത്ര വലിയ കാര്യമായിട്ടെടുത്തില്ല, കാരണം ഫലസ്തീൻ സെമിറ്റിക് മതക്കാരായ ജൂതന്മാരുടെയും ക്രൈസ്തവരുടേയും മുസ്ലിംങ്ങളുടേയും പുണ്ണ്യഭൂമിയായിരുന്നു. അതൊകൊണ്ട് തന്നെ മുസ്ലിംങ്ങളായ പലസ്തീനികൾ മറ്റു മതസ്ഥരുടെ അവകാശങ്ങൾ വെച്ചുകൊടുത്തുകൊണ്ട് അവിടെ ഭൂമിവാങ്ങാനും താമസിക്കാനും അനുവാദം നൽകി. ഈ അവസരം മുതലെടുത്തായിരുന്നു ജൂതന്മാർ പലസ്തീനിൽ ഭൂമിവാങ്ങികൂട്ടിയത്. അവർ പല ഭാഗങ്ങളും വാങ്ങികൂട്ടി അവരുടേത് മാത്രമായ ചെറിയ പ്രദേശങ്ങൾ സൃഷ്ടിച്ചു, അതിനെ ബേസ് ചെയ്താണ് പിന്നീട് ബ്രിട്ടൻ രാഷ്ട്രീയം കളിച്ചതും പലസ്തീൻ കീഴടക്കി ഇസ്രായേൽ എന്ന ജൂത രാഷ്ട്രം സ്ഥാപിച്ചതുമെല്ലാം. അതിനാൽ തന്നെ അറബ് ഇസ്രായേൽ യുദ്ധത്തിന് ശേഷം സ്ഥാപിതമായ ട്രാൻസ്ജോർദ്ദാൻ ഭൂനിയമങ്ങൾ വളരെ കർശനമാക്കി. അതിന്റെ ഭാഗമായിട്ടാണ് ഇസ്രായേലിനും സാമ്രാജ്യത്വ ശക്തികളെ പിന്തുണക്കുന്ന കോർപറേറ്റുകൾക്കും ഭൂവില്പന നടത്തിയാൽ അതിന് വധശിക്ഷ നൽകുമെന്ന് നിയമമുണ്ടാക്കിയത്.

യുദ്ധത്തിലൂടെ ഭൂമി പിടിച്ചടക്കുന്നത് തുടർന്നും ലോകത്തിന്റെ പല ഭാഗങ്ങളിൽ നടന്നു. രണ്ട് ലോകമഹായുദ്ധങ്ങക്ക് ശേഷം യുനൈറ്റഡ് നാഷന്റെ രൂപീകരണത്തോട് കൂടിയാണ് കുറച്ചെങ്കിലും കുറവുണ്ടായത്. അതിന് ശേഷം പലയുദ്ധങ്ങളും നടന്നെങ്കിലും പഴയത് പോലെ ലോക ശക്തികൾക്ക് മറ്റു രാജ്യങ്ങൾ പിടിച്ചടക്കുക അത്ര എളുപ്പമായിരുന്നില്ല, യുദ്ധങ്ങളിലൂടെ അമേരിക്ക ചില രാഷ്ട്രങ്ങളിൽ പാവ സർക്കാരുകളെ അവരോധിച്ചത് തന്നെ പല കുതന്ത്രങ്ങളിലൂടെയുമാണല്ലൊ, അത്തരത്തിലുള്ള കുതന്ത്രങ്ങൾ എല്ലാ രാജ്യത്തും നടപ്പാക്കാൻ കഴിയില്ല എന്നതിനാൽ സാമ്രാജ്യത്വ അജണ്ടകൾ മൂന്നാം ലോക രാഷ്ട്രങ്ങളിൽ നടപ്പിലാകാതെ പോകുന്നില്ല, ജനങ്ങൾക്ക് അറിയാനാവാത്ത വ്യത്യസ്ത മാർഗത്തിലൂടെ അവർ അജണ്ടകൾ നടപ്പാക്കികൊണ്ടിരിക്കുന്നു എന്നുമാത്രം. അതിൽ പ്രധാനപെട്ട മാർഗമാണ് ഇന്ന് കോർപറേറ്റുകളുടെ ഭൂമി കച്ചവടം. രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിന്  പുറത്ത് നിന്നുള്ള നിക്ഷേപകരെ സ്വാഗതം ചെയ്തുകൊണ്ട്  ‘വളർച്ച‘യുടെ കണക്ക് പറയാൻ ആക്രാന്തം കാണിക്കുന്ന വിഢികളായ ‘ഭരണ കേന്ദ്ര‘ങ്ങൾ ഭൂമാഫിയകളുടെ പാതസേവകരാവുകയാണ്! കഷ്ടം. വിദേശ മുതൽമുടക്കുകളിറക്കുന്നതിൽ ഭക്ഷ്യ കാർഷിക മേഖലയെങ്കിലും ഒഴിവാക്കിയില്ലെങ്കിൽ കോർപ്പറേറ്റ് രാക്ഷസവേരുകൾ പാവപെട്ടവന്റെ കാർഷികഭൂമിയുടെ അടിവയറ്റിലേക്ക് ആഴ്ന്നിറങ്ങി ഊറ്റി സകലതും കുടിക്കുമെന്ന് മാത്രമല്ല കാൻസർ പടരുന്നത് പോലെ ഓരോ കാർഷിക മേഖലയും തകർത്തെറിഞ്ഞുകൊണ്ട് ഭൂമിയുടെ നിയന്ത്രണം കോർപറേറ്റുകളുടെ കൈകളിലാക്കുകയും ചെയ്യും.

ഭൂമി വില്പനയിൽ ദുബൈ തുടങ്ങിയ ബിസിനസ്സ് ഹബ്ബുകൾ മുതൽ സാമ്പത്തികമായ് പൊട്ടിപൊളിഞ്ഞ ഗ്രീസ് വരെയുണ്ട്. 2010ൽ സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറാൻ ഗ്രീസ് എടുത്ത തീരുമാനം തങ്ങളുടെ കൈവശമുള്ളതും ടൂറിസ്റ്റുകളുടെ ഉല്ലാസ കേന്ദ്രവുമായ ഐലന്റ് വിൽക്കാനാണ്. ഒരു നിശ്ചിത വർഷത്തേക്ക് ലീസിനാണ് വില്പന. അവിടെ ഭൂമി വാങ്ങിയവരധികവും റഷ്യക്കാരും ചൈനകാരുമാണ്മിഡിൽ ഈസ്റ്റ് മുതൽ ഗ്രീസ് വരെയുള്ള  ഭൂമി കച്ചവടത്തിനു പിന്നിൽ ബിസിനസ് പ്ലാനിങ്ങുകളാണ്. അവയൊന്നും അത്രതന്നെ സാമൂഹിക ജീവതത്തെ ബാധിക്കുന്നില്ല, എന്നാൽ ആഫ്രിക, ഏഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കോർപറേറ്റുകൾ മില്ല്യൺ കണക്കിന് ഹെക്ടർ കൃഷിഭൂമിയാണ് വാങ്ങികൂട്ടുന്നത്. അതിൽ അധിക കോർപറേറ്റുകൾക്ക് പിന്നിലും സാമ്രാജ്യത്വ രാഷ്ട്രങ്ങളാണ്. ദീർഘ കാലാടിസ്ഥാനത്തിലാണ് പാട്ടങ്ങളെന്ന ഓമനപേരിൽ കൃഷിഭൂമികൾ വാങ്ങി കൂട്ടുന്നത്. ഇങ്ങിനെ പാട്ടത്തിന് നൽകുന്ന ഭൂമിയുടെ കണക്ക് വളരെ ഭീതിപെടുത്തുന്നതാണ്. ആഫ്രികയിൽ ഗ്ലോബൽ ലാന്റ് പ്രൊജക്റ്റ് എന്നോമനപേരിലറിയപെടുന്ന കോർപറേറ്റ് കമ്പനി 27 രാജ്യങ്ങളിൽ നൂറ് കണക്കിന് ഇടപാടുകളിലായി 65 മില്ല്യൺ ഹെക്ടർ ഭൂമിയാണ് തുഛ വിലക്ക് പാട്ടവ്യവസ്ഥയിൽ കരസ്ഥമാക്കിയിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തിൽ വലിയ തോതിൽ ലോകത്ത് ഇവർ ഭൂമികൾ വാങ്ങി കൂട്ടുന്നത് എന്നത് വളരെ ഗൌരവത്തോടെ ആലോചിക്കേണ്ടതാണ്.

കോർപറേറ്റുകൾ പ്രധാനമായും ഇപ്പോൾ ലക്ഷ്യമിടുന്നത് ഭക്ഷണ ധാന്യം, ജൈവ ഇന്ധനം  (ബയോഫ്യുവൽ) എന്നീ രണ്ട് കാര്യങ്ങളിലാണ്. പാശ്ചാത്യ രാഷ്ട്രങ്ങൾ ഇന്ന് പ്രധാനമായും ലക്ഷ്യം വെക്കുന്നത് ബയോഫ്യുവലുകളിലാണ്. ലോകത്തിന് ഭീഷണിയായ നിലനിൽക്കുന്ന കാർബൺ (മുമ്പ് ഇവിടെ വിവരിച്ചിട്ടുണ്ട്) പ്രസരണത്തിന് നിയന്ത്രണങ്ങൾ വരുത്താൻ പോകുന്നു.  യൂറോപ്യൻ യൂണിയൻ 2020 ആകുമ്പോഴേക്ക് 10 ശതമാനം ബയോ ഫ്യുവലിലേക്ക് മാറ്റപെടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞുആയതിനാൽ ഭക്ഷ്യ ധാന്യങ്ങളുടെ സെക്യൂരിറ്റിയായിരിക്കാം ഇങ്ങിനെ ലോകത്ത് സാമ്രാജ്യത്വ ശക്തികൾ ഭൂമികൾ വാങ്ങികൂട്ടാനുള്ള പ്രധാന കാരണം. ലോകത്ത് ജനസംഖ്യ കൂടുതലുള്ള പല രാഷ്ട്രങ്ങളും ജനങ്ങളുടെ ഭക്ഷണ വിഷയത്തിൽ ഗൌരവമായി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ  ലോകത്ത് ഭക്ഷ്യധാന്യങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചിരുന്നു. ലോക ജന സംഖ്യ വർദ്ധനവും കാർഷിക ഭൂമികളില്ലാതാവുന്നതും ഭക്ഷ്യധാന്യങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നു.  വിശക്കുന്ന ജനത അസന്തുഷ്ട ജനത എന്നല്ലെ, അതിനിടക്ക് ഭക്ഷ്യധാന്യങ്ങൾ ഇന്ധന ആവശ്യങ്ങൾക്ക് മാറ്റപെട്ടാൽ ലോകത്ത് ഭക്ഷ്യ ക്ഷാമവും വിലകയറ്റവും രൂക്ഷമാകും. സൌദി അറേബ്യയെ പോലുള്ള ചില രാഷ്ട്രങ്ങൾ ദീർഘ ദൃഷ്ടിയോടെ അത് മുന്നിൽ കണ്ടുകൊണ്ട് കാർഷിക മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കത്തക്ക പദ്ധതികളാണ് അസൂത്രണം ചെയ്തിരിക്കുന്നത്.

ഇന്ത്യയെ പോലുള്ള ലോക ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന രാഷ്ട്രങ്ങൾക്ക് അവിടെയുള്ള ജനങ്ങളെ തീറ്റിപോറ്റാനുള്ള ധാന്യങ്ങൾ വിളവെടുക്കാനുള്ള ഭൂമിയില്ലാതായികൊണ്ടിരിക്കുന്നു. ധാന്യശേഖരണ ശേഷി (Stockpile) വർദ്ധിപ്പിച്ചെങ്കിലും സംഭരിക്കുന്നതിൽ ശുചിത്വശാസ്ത്രം വേണ്ട ഗൌരവത്തോടെ സ്വീകരിക്കുന്നില്ലെന്നതിന് തെളിവാണ് എലികളെ പോലുള്ള ക്ഷുദ്ര ജീവികളുടെ താവളമായ് മാറുന്നത്. ചില സന്ദർഭങ്ങളിൽ റേഷൻ കടകളിൽ പോലും എത്തുന്നത് അതിന്റെ അവശിഷ്ടങ്ങളാണ്. വിതരണാസൂത്രത്തിലും എത്രയോ മാറ്റങ്ങൾ അനിവാര്യമാണ്. ഇന്നും പട്ടിണികിടക്കുന്ന പാവപെട്ടവർ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഉണ്ടായിരിക്കെ കരിഞ്ചന്തകളിലൂടെയാണ് നല്ലൊരൂ ശതമാനം വിതരണം ചെയ്യപ്പെടുന്നത്.  അഴിമതിയിൽ മലീമസമായ ഇന്ത്യൻ രാഷ്ട്രീയം ഭക്ഷ്യധാന്യ ഉല്പാദന, സംഭരണ, വിതരണ വിഷയങ്ങളിൽ പുറംതിരിഞ്ഞു നിൽക്കുന്നു എന്നുമാത്രമല്ല, ഉള്ള കൃഷിയിടം പോലും ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതി കൊടുക്കുകയാണിന്ന്. അത് വളരെ ഗൌരവത്തോടെ കാണേണ്ടതുണ്ട്.

ലോക ബാങ്കിന്റെ സഹായത്തോടെ പാശ്ചാത്യ രാഷ്ട്രങ്ങൾ ബയോ ഫ്യുവലിന് വേണ്ടി ഇറങ്ങിതിരിക്കുമ്പോൾ അത് മൂന്നാം ലോകത്ത് ഒരു ബില്ല്യണിൽ പരം ജനങ്ങളെയാണ് നേരിട്ട് ബാധിക്കുക. ഇന്ത്യയിൽ പല ഭാഗങ്ങളിലുള്ള കൃഷിഭൂമികളിൽ കോർപറേറ്റ് കമ്പനികളുടെ വേരുകളാഴ്ന്നിറങ്ങികഴിഞ്ഞുബാംഗ്ലൂരിൽ നിന്നും 250 കിലോമീറ്റർ അകലെ ഹസ്സൻ എന്ന വില്ലേജിൽ കഠിനാദ്ധ്വാനികളായ പാവം കർഷകരുടെ വിശാലമായ കൃഷിഭൂമിപോലും തീറെഴുതികൊടുത്തിരിക്കുന്നു! ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് വസിക്കുന്ന, ദരിദ്ര നാരായണമാരുടെ ഏക ആശ്രയമായ കാർഷികഭൂമിയാണ് മൾട്ടി നാഷണൽ കോർപറേഷനുകൾക്ക് പതിച്ചു നൽകുന്നത്. അത്തരം ഭൂമികളിൽ തഴച്ചു വളരുന്ന കോർപ്പറേറ്റുകൾ കർനിവോർസ് ചെടികളെപോലെ കർഷകസമൂഹത്തിന്റെ നീരും ചോരയും കുടിച്ചു വളരും. ജനങ്ങൾക്കും രാഷ്ട്രത്തിനുമുണ്ടാക്കുന്ന അതിന്റെ അനന്തര വിപത്ത് വിവരണാധീതമായിരിക്കും. ആരുണ്ടിത് ശ്രദ്ധിക്കാൻ?


[മഴവില്ല് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ചത്. മറ്റു ലേഖനങ്ങളും രചനകളും മഴവില്ല് സൈറ്റിൽ നിന്നും വായിക്കാം.]
മലയാളം ന്യൂസ് ദിനപത്രത്തിലും ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്



Nov 21, 2012

ഗാസ! നിസ്സാഹയതയുടെ ചോദ്യ ചിഹ്നം.



ഞാൻ യാത്ര ചെയ്യാറില്ല, ചെയ്യുമെങ്കിൽ അത് ഇസ്രായേലിലേക്കാകില്ല. 1948നെ ഞാൻ ഓർക്കുന്നു, അതെങ്ങിനെയായിരുന്നു സ്ഥാപിക്കപെട്ടതെന്ന്! അതിൽ എന്റെ എല്ലാ ജൂത സുഹൃത്തുക്കളും ഹർഷോന്മദത്തിലായിരുന്നപ്പോൾ ഞാനങ്ങിനെയായിരുന്നില്ല, ഞാൻ വിളിച്ചു പറഞ്ഞു, നമ്മളെന്താണ് ചെയ്യുന്നത്? മുസ്ലിം മഹാഭൂരിപക്ഷ രാജ്യത്ത് നമുക്ക് ചേരിദേശങ്ങളുണ്ടാക്കുന്നോ? മുസ്ലിം ജനതയത് മറക്കില്ല, പൊറുക്കില്ല. അങ്ങിനെയതാ ഇസ്രായേൽ സ്ഥാപിതമായി, യുദ്ധസന്നദ്ധമായ നിലയിലാണത്! അതുകണ്ടെനിക്ക് സന്തോഷമാവുകയുമുണ്ടായി. എന്നാൽ ഞാൻ നീതിയുടെ ഭാഗത്തായിരുന്നു, എനിക്കാരെയും സഹായിക്കാനാവില്ലെങ്കിലും യാഥാർത്ഥ്യം തൊട്ടറിഞ്ഞു, 2000 വർഷങ്ങൾക്ക് മുമ്പുള്ള അധീനരാജ്യത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ടു മാത്രം ജൂതർ ചെയ്തത് നീതിയിലല്ല. ജനങ്ങൾ അവരുടെ പൂർവ്വികരെ കുറിച്ചാലോചിക്കും, അവർ എവിടെയായിരുന്നു ജീവിച്ചതെന്ന്. ചരിത്രം ചലിച്ചുകൊണ്ടിരിക്കും, അതൊരിക്കലും ആർക്കും തിരിച്ചുപിടിക്കാനാവില്ല.“ പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഐസക് അസിമോവ് എന്ന ജൂതന്റെ വാക്കുകളിൽ നിന്നും നമുക്ക് തുടങ്ങാം.., മിഡിലീസ്റ്റിൽ എല്ലാ സെമിറ്റിക് മതക്കാരും വളരെ പുണ്യമായ് കരുതുന്ന ഭൂമിയാണ് ജെറുസലേം. നൂഹിന്റെ മൂന്ന് മക്കളിൽ ഒരുവനായ സാമിൽ നിന്നും ഉത്ഭവിച്ച സംസ്കാരവും അതിനോടനുബന്ധിച്ചുണ്ടായ മതങ്ങളുമാണ് സെമിറ്റിക് മതങ്ങളെന്ന് അറിയപെടുന്നത്. ലോകത്തെ എല്ലാ മതക്കാരും നൂഹിനോട് ബന്ധപെട്ട് കിടക്കുന്നവരാണ് എന്ന സെമിറ്റിക് മതക്കാരെങ്കിലും അംഗീകരിക്കുമല്ലൊ, അങ്ങിനെ എങ്കിൽ ലോകത്തുള്ള എല്ലാ വിധ ജനങ്ങളും മതങ്ങളും നൂഹിലേക്ക് ചേർത്തെഴുതാം. സെമിറ്റിക് മതങ്ങളുടെ പട്ടികയും അതിരുകളും മിഡ്ലീസ്റ്റിലൊതുങ്ങില്ല എന്നതാണ് സത്യംസാമിന്റെ മക്കളിൽ പെട്ട ജോക്ത (joctah) യുടെ വേരുകൾ ഇന്ത്യയിലേക്ക് എത്തിപെടുന്നുണ്ട്. ഒരു പക്ഷെ അബ്രഹാമിൽ നിന്നും ജൂതരിലേക്കുള്ളത് പോലെ ബാഹ്മണരിലേക്കുള്ള ദൂരം വിദൂരമാവില്ല.

മനുഷ്യരെ വ്യത്യസ്ഥ രൂപത്തിലും വർഗത്തിലുമാക്കിയത് അവർ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണെന്ന് വിശ്വസിക്കുന്നവരാണ് അബ്രഹാമിന്റെ അനുയായികൾ. അബ്രഹാമിന്റെ രണ്ടുമക്കളിൽ ഐസഖ് (ഇഷാഖ്) വഴിയാണ് യാകൂബും അദ്ദേഹത്തിന്റെ ജനവിഭാഗമായ ജൂതരും, അതിൽ നിന്നും തന്നെയാണ് മേരി(മറിയം)യും ഈസയും. ഇസ്മായേൽ വഴി മുഹമ്മദ് നബിയിലേക്കും എത്തിപെടുന്നു. ഇവിടെ ജൂതരുടെ വിശ്വാസപ്രകാരം അവർ യാകോബിലൂടെ വന്ന ഐസഖിന്റെ ആളുകളാണ്അതുകൊണ്ട് തന്നെ പല വിഷയങ്ങളിലും അടുപ്പം കാണുന്നു.

യൂദായുടെ ഗോത്രത്തില്പ്പെട്ട ജൂതർ ദൈവകല്പിതമായ ന്യായപ്രമാണങ്ങൾ നൽകിയവനായി മോസസിനെ കണക്കാക്കുന്നു. യഹൂദർ ഏകദൈവത്തിൽ വിശ്വസിയ്ക്കുന്നു. ഏകദൈവം യഹോവയാണെന്നും തങ്ങൾ യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദമതത്തിന്റെ അടിസ്ഥാനം. ഇതര സെമിറ്റിക് മതങ്ങളുടെ ദൈവിക സങ്കല്പങ്ങളെ പോലെ തന്നെയാണെങ്കിലും വർഗ സ്വഭാവത്തിൽ ജീവിക്കുന്നവരാണ് ജൂതർ. ജൂത മതത്തിലേക്ക് എത്തിപെടാൻ ജന്മം കൊണ്ടെ സാധിക്കുകയുള്ളൂ, പിതാവിന്റെ ജനിതക പാരമ്പര്യത്തിലൂടെ പൂർവ്വികരിലേക്കുള്ള ബന്ധം സ്ഥാപിക്കുന്നു. എന്നാൽ ആ ബന്ധം ഐസക് വരെ മാത്രമേ കൊണ്ട് പോകൂ. യഥാർത്ഥത്തിൽ എല്ലാ ജന വിഭാങ്ങളുടേയും ജനിതക ബന്ധം എത്തപെടുന്നത് നൂഹിലൂടെ ആദമിലേക്കാണല്ലൊ. അതിൽ സെമിറ്റിക് മതക്കാർക്ക് എതിരഭിപ്രയവും ഉണ്ടാവില്ല. എന്നാൽ ജൂത പുരൊഹിതന്മാർ തങ്ങൾക്ക് മേൽകോയ്മ സൃഷ്ടിക്കാൻ വേണ്ട് കൊഹെൻ  എന്ന ജെനിറ്റിക് പാരമ്പര്യം എഴുതിപിടിപ്പിക്കുന്നുണ്ട്, അത് വഴി മോസസിന്റെ സഹോദരനായ ആരോൺ (ഹാറൂൺ) ലേക്ക് എത്തിപെടാനും അങ്ങിനെ ഏറ്റവും ഉത്തമ വർഗം തങ്ങളാണെന്ന് സ്ഥാപിക്കാനും വേണ്ടിയാണിത്. ബ്രാഹ്മണ വിശ്വാസത്തെ പോലെ ചില വിഭാഗങ്ങൾ സുപീരിയോറിറ്റിയുള്ളവരെന്ന് അഹങ്കരിക്കാനും മുതലെടുപ്പിനും ജന്മം കൊണ്ട് മാത്രം വ്യത്യസ്ഥരായി എന്ന് വിശ്വസിക്കുന്നു, എവിടെ നിന്നാണവർ രൂപപെട്ടതെന്നറിയാൻ പൂർവ്വീക തലമുറയെ കുറിച്ചു പഠിക്കുന്നില്ല!

ലോകത്ത് അഹങ്കാരവും അക്രമവും ഏറ്റവും കൂടുതൽ സൃഷ്ടിക്കപെട്ടത് ഒരു പക്ഷെ ജനിതക പാരമ്പര്യത്തിന്റെ പേരിലാവും. ആര്യന്മാരുടെ വംശശുദ്ധി എന്ന മിഥ്യയ്ക്കും വിശാല ജർമ്മനി എന്ന സ്വപ്നത്തിനും കൂടി എഴുതികൂട്ടിയഅഡോൾഫ് ഹിറ്റ്ലറിന്റെ ആത്മകഥയാണ് എന്റെ പോരാട്ടമെന്നർത്ഥത്തിലുള്ള മെയിൻ കാംഫ്. അതിൽ വർഗവും സമൂഹവുമെന്നൊരൂ അദ്ധ്യായം തന്നെയുണ്ട്. വംശീയതയെ നിർവചിക്കാൻ ബന്ധവും രക്തവും അനലൈസ് ചെയ്യുന്നു. ഹിറ്റ്ലറെ അധികാരത്തിലെത്തിക്കുന്നതിൽ പുസ്തകം നല്ലൊരൂ പങ്ക് വഹിക്കുന്നുണ്ട്. വിശുദ്ധ പുസ്തകമായി നാസികൾ സംഘടിപ്പിക്കാനും ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുള്ള സാമ്പത്തിക ബദ്രത കൈവരിക്കാനും സാധിച്ച പുസ്തകത്തിന്റെ തത്ത്വശാസ്ത്ര മുഖമുദ്രയായി കാണുന്നത് ജൂതരോടുള്ള വിരോധമാണ്. ഏറെ വൈരുദ്ധ്യമെന്ന് പറയട്ടെ, ഹിറ്റ്ലർ രക്തത്തിന്റെ വർഗം പറഞ്ഞു കൊന്നൊടുക്കിയ ജൂതരാണ് യഥാർത്ഥത്തിൽ വർഗ ബോധത്തോടെ ലോക ജനതക്കിടയിൽ ഇന്ന് ക്രൂരമായ് ഇടപെട്ടുകൊണ്ടിരിക്കുന്നത്രണ്ടാം ലോകമഹായുദ്ധ കാലത്തു നാസികള്‍ യൂറോപ്യന്‍ ജൂതരുടെ വംശഹത്യ ലക്ഷ്യമിട്ടു നടത്തിയ കൂട്ടക്കൊല വിവരിക്കുന്നതിനു വേണ്ടി ‘ജിനോസൈഡ്‘(വംശഹത്യ) എന്ന വാക്ക് ജൂത ചരിത്രകാരന്‍ റാഫേല്‍ ലെംകിനാണ് ആദ്യമായി ഉപയോഗിച്ചത്. കൂട്ടക്കൊലകളെല്ലാം വംശഹത്യയല്ല, എന്നാൽ ഒരു വിഭാഗത്തിന്‍റെ സമ്പൂര്‍ണ ഉന്മൂലനം ലക്ഷ്യമാക്കി നടത്തുന്ന കൂട്ടക്കൊലകളാണു വംശഹത്യ. അതുതന്നെയല്ലെ ഇന്ന് പലസ്തീനികൾക്കെതിരായി ഇസ്രായേലിൽ നടത്തികൊണ്ടിരിക്കുന്നത്?!

ചിലർ പറയുന്നു, ഇസ്രായേൽ ജൂതന്മാരുടെതാണെന്ന്. അതിനവർ മത ഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുന്നു എന്നു മാത്രമല്ല, ആ ഗ്രന്ഥങ്ങൾ സത്യസന്ധമായിരിക്കാൻ വേണ്ടിയാവണം സ്വന്തം മതത്തിൽ പെട്ടതല്ലാതിരുന്നിട്ടും ഇസ്രായേൽ എന്ന രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നത്. അതല്ലെങ്കിൽ യൂറോപ്പിൽ നിന്നും ജൂതന്മാരെ മിഡിലീ‍സ്റ്റിലേക്ക്, അറബികളുടെ തലയിലേക്കൊഴിവാക്കി കൊണ്ട്  ഹിറ്റ്‌ലറുടെ ബാക്കിപത്രം മറ്റൊരൂ തരത്തിൽ നടത്തപെടുന്നു.  ഏതാവട്ടെ, 2000 വർഷം മുമ്പുള്ള ചരിത്രം പറഞ്ഞുകൊണ്ട് ഒരു സമൂഹത്തിനുമേൽ കടന്നു കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് പഴയ ചരിത്രം തിരിച്ചുപിടിക്കണമെന്ന് കരുതുന്നത് വിഢിത്തമെന്നല്ലാതെ എന്ത് പറയാൻ!.

രണ്ടായിരം വർഷം മുമ്പുള്ള ചരിത്രം വിവരിച്ചാൽ ഏതൊരൂ സമൂഹത്തിനാണ് നിലനില്പുണ്ടാവുക? മാത്രമല്ല, എന്ത് കൊണ്ട് രണ്ടായിരം വർഷത്തിലേക്ക് മാത്രം ചരിത്രത്തെ വരിഞ്ഞുകെട്ടുന്നു, അതിനപ്പുറം പോയാൽ എല്ലാം ഒന്നാവുമെന്നത് കൊണ്ടോ? വിഢിത്തം!! ഈ മഹാ വിഢിത്തം പറയുന്നവർ വ്യക്തമാക്കേണ്ടത് ചരിത്രത്തിലേയും ചിത്രത്തിലേയും പലസ്തീനികളെ കുറിച്ചാണ്. അവർ ഭൂമിയിൽ താനെ മുളച്ചുപൊന്തി ഉണ്ടായതാണോ? ജൂതന്മാരെ നാടുകടത്തിയതാണോ? ക്രിസ്തുവിന് മുമ്പ് പലസ്ത് എന്നപേരിൽ ഈജിപ്തിനടുത്ത് ജീവിക്കുന്ന സമൂഹത്തെ കുറിച്ച് പറയുന്നുണ്ട്. ഈജിപ്തിന്റെ അടുത്തുള്ള സ്ഥലം പലസ്തീനല്ലാതെ ഏതാണ്? ജൂതരിൽ നിന്നും ക്രിസ്ത്യാനികളുണ്ടായത് പോലെ സമൂഹത്തിലേക്ക് മുന്നറിയിപ്പുകാർ (Prophet) പല കാലങ്ങളായി വന്നിതിനനുസരിച്ച ജനങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പലസ്തീനികൾ ഇസ്ലാം മതം വിശ്വസിച്ചത് കൊണ്ട് അവർ വൈദേശീകരോ അക്രമികളോ ആവുന്നില്ല. മോസസിന്റെ ജനതക്ക് മന്നും സൽ‌വയും ഇറക്കികൊടുത്തത് പോലെ ആത്മനിർവൃതിക്ക് വേണ്ടി കൊന്നൊടുക്കാൻ പലസ്തീനികളെ ആകാശത്ത് നിന്നും ഇറക്കിയതുമല്ല, എന്നീട്ടുമെന്തെ പാശ്ചാത്യർ റേസിസത്തിന്റെ മൂർദ്ധന്യതയിൽ നിൽക്കുന്ന ഈ ഇസ്രായേലി ജൂതവർഗ ക്രൂരതക്ക് കൂട്ട് നിൽക്കുന്നത്?

പലസ്തീനികൾ ചെയ്ത തെറ്റ് അവർ സെമിറ്റിക് മതസ്ഥരുമായി സൌഹാർദത്തിലാവുകയും അവരെ പരിഗണിച്ചുകൊണ്ട് പലസ്തീൻ ഭൂമി വാങ്ങാൻ ജൂതരെ അനുവദിക്കുകയും ചെയ്തതാണ്. ജൂതർ പല ഭാഗങ്ങളായി ഭൂമി വാങ്ങികൂട്ടിയാണ് ജൂത രാഷ്ട്രത്തിന് തുടക്കമിടുന്നത്.

പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പലസ്തീനികളാണെന്ന വാർത്തകൾ സമർത്ഥമായി പടച്ചുണ്ടാക്കുകയും അതിന്റെ പേരിൽ പലസ്തീനികളെ കൊന്നൊടുക്കുകയും ചെയ്യുന്നത് ഈ അടുത്ത കാലത്ത് തുടങ്ങിയതല്ല. ഗാ‍സ എന്നാൽ ഓപൺ എയർ പ്രിസൺ ആകുന്നു. തോക്കുകൾക്കും പീരങ്കികൾക്കുമിടയിൽ പട്ടിണിക്കിടുക മാത്രമല്ല, ഗാസക്ക് ചുറ്റും ഉപരോധം തീർക്കാൻ ഉയരം കൂടിയ കൂറ്റൻ കോൺഗ്രീറ്റ് മതിലുകളും! കഷ്ടമെന്ന് പറയട്ടെ, വിശപ്പിന്റെ കാഠിന്യം കൊണ്ട് ആ ജയിൽ മതിലുകൾ സ്ഥാപിക്കുന്നതിന് അദ്ധ്വാനിക്കുന്നവരിൽ പലസ്തീനികളുമുണ്ട്. വിശപ്പ് അവരെ അത്രമേൽ തളർത്തിയിരിക്കുന്നു. പട്ടിണിക്ക് സ്വന്തത്തെ നിഷോധിക്കുന്ന അവസ്ഥയുണ്ടാവുമെന്ന പ്രാമാണിക വാക്ക് പുലരുന്നത് കാണാൻ പലസ്തീനിലേക്ക് നോക്കിയാ‍ൽ മതിയാവും. അപ്പോഴും ലോകത്തിന് പരിഹാസത്തോടെ പറയാനുണ്ടാവും, അവർ സ്വന്തമായി കെട്ടിഉയർത്തിയ ജയിലുകളെന്ന്.

മുമ്പ് ഗാസ എന്ന ജയിലുകൾക്കുള്ളിൽ ഭക്ഷണവും മരുന്നും കണ്ടെത്തിയിരുന്നത് വളരെ പ്രയാസത്തോടെയാണ്. ഗാസയിൽ നിന്നും ഈജിപ്തിലേക്കുള്ള റഫാ അതിർത്തി പല കാരണങ്ങൾ പറഞ്ഞുകൊണ്ട് അടച്ചുകൊണ്ട് സഹായിക്കാനുള്ള അയൽ രാജ്യമായ ഈജിപ്ത് മുഖം തിരിച്ചു, പിന്നീട് ഈജിപ്തിന്റെ സിനായ് അതിർത്തികളിലേക്ക് രഹസ്യ തുരങ്കങ്ങളുണ്ടാക്കിയാണത് അവശ്യ വസ്തുക്കൾ ഈജിപ്തിൽ നിന്നും എത്തിച്ചിരുന്നത്.  ഈ ടണലുകൾ പിന്നീട് വികസിപ്പിക്കുകയും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നതാക്കി അവശ്യ വസ്തുക്കൾക്ക് പുറമെ നിർമ്മാണ വസ്തുക്കൾകൂടി എത്തിച്ചുകൊണ്ടാണ് തകർക്കപെട്ട ഗാസ പുനർനിർമ്മിക്കുന്നത്.

ജൂദാസായ അമേരിക്കൻ പാവ ഹുസ്നി മുബാറക്ക് മാറിയതിനു ശേഷം യഥേഷ്ടം വസ്തുക്കൾ എത്തിക്കാൻ റഫാ അതിർത്തി തുറന്നിരുന്നു. കൂടാതെ നൂറ് കണക്കിന് ടണലുകളിലൂടെ ഗാസ നിവാസികൾക്ക് അവശ്യ വസ്തുക്കളും നിർമ്മാണ സാമഗ്രികളും ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ റമദാനിൽ റഫാ അതിർത്തിയിലെ 12 ഈജിപ്ഷ്യൻ സൈനികരെ കൊലപെടുത്തികൊണ്ട് ഇസ്രായേലിലേക്ക് നുഴഞ്ഞു കയറിയ തീവ്രവാദികളുടെ അക്രമണത്തെ തുടർന്ന് റഫാ അതിർത്തിയും സിനായിലേക്കുള്ള ടണലുകളും ഈജിപ്ത് അടച്ചു. ആ അക്രമണത്തിലൂടെ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികൾ പൊട്ടിതെറിച്ചു ഇല്ലാതാവുകയും ചെയ്തു. ഇതൊരൂ പക്ഷെ ഇസ്രായേൽ ചെയ്ത കളിയാവാൻ സാധ്യത കൂടുതലാണ്. യാദൃച്ഛിക ഏറ്റുമുട്ടലും കൊലയും സയണിസ്റ്റുകളുടെ പ്രധാന അക്രമണമാർഗമാണ്. ഹുസ്നി മുബാറക്കിനു ശേഷം ഭരണത്തിൽ വന്ന ഇസ്ലാമിസ്റ്റ് നേതാവ് മുർസിയെ പലസ്തീനികൾക്കെതിരെയാക്കി മാറ്റാനും അതുവഴി തുറന്നു കൊടുത്ത റഫാ അതിർത്തിയും ടണലുകളും അടപ്പിക്കാനുമാവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള കളികളാവാൻ സാധ്യതയുണ്ട്. അതല്ലാതെ സ്വന്തം കുഴി തോണ്ടാൻ മാത്രം പലസ്തീൻ വിഢികളാണെന്ന് കരുതാൻ വയ്യ.

പലസ്തീനിന്റെ ഈ ഊരാകുടുക്ക് മനസ്സിലാക്കിയാണ് ഇസ്രായേൽ ഇപ്പോൾ ഇടപെടുന്നത്. ഗാസയെ ജയിലുകളാക്കി ഇഞ്ചിഞ്ചായി ഇല്ലായ്മ ചെയ്യാമെന്ന ഇസ്രായേൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  ഇസ്രായേൽ കരയുദ്ധത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നു. അവശേഷിക്കുന്ന രഹസ്യ തുരങ്കങ്ങൾ ഇല്ലായ്മചെയ്യാനുള്ള മാർഗം, അല്ലാതെ ബോംബും മിസൈലുകളും പോരാത്തത് കൊണ്ടല്ല.

ഗസ്സാത്! ഈജിപ്തുകാർ നിനക്ക് ആ പേര് നൽകിയത് നീ വിശേഷ നഗരമായിരുന്നത് കൊണ്ടാണ്. നീ എത്ര നിഷ്കളങ്കയാണ് ഗാസ! എന്നീട്ടും ദുശക്തികൾ നിന്നെ ഞെരുക്കികൊണ്ടിരിക്കുന്നു!! നീ പിടിച്ചു നിൽക്കണം, ലോക മനസാക്ഷിയെ ചോദ്യം ചെയ്യാൻ, നിസ്സാഹയതയുടെ ചോദ്യ ചിഹ്നമായി.


ശബാബ് വാരികയിലും മലയാളം ന്യൂസ് ദിനപത്രത്തിലും ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്


Related Posts Plugin for WordPress, Blogger...