Mar 14, 2012

സോഷ്യൽ നെറ്റ്‌വർക്ക് ഭൂമികയിലെ കാണാപ്പുറം : കോണി 2012


‘കോണി 2012‘ കൊടുങ്കാറ്റ് കണക്കെ സോഷ്യല് നെറ്റ് വർക്ക് ലോകത്ത് ഫേസ്ബുക്ക് ഫീഡുകൾ അടിച്ചു വീശുന്നു. ഉഗാണ്ട വാർ ക്രിമിനൽ ജോസഫ് കോണിയെ പിടികൂടി ശിക്ഷിക്കണമെന്ന് കുറച്ചുപേരെങ്കിലും അതിയായി ആഗ്രഹിച്ചിരുന്നു എങ്കിൽ ഇന്ന് ആ ആഗ്രഹത്തെ ശരിവെക്കുന്ന തരത്തിലുള്ള പ്രേരണാശക്തി കോണി 2012 ലോകത്തിനു മുമ്പിലേക്കിട്ടു തരുന്നു. കാണാതാവുന്ന കുട്ടികൾക്ക് വേണ്ടി രൂപീകൃതമായ പേജിന്റെയും യൂറ്റ്യൂബ് ഡോക്യുമെന്ററിയുടേയും ലക്ഷ്യം വളരെ ലളിതം, റബൽ ലീഡർ ജോസഫ് കോണി എന്ന വാർ ക്രിമിനലിനെ തിരിച്ചറിയുക, കാണാതായ കുട്ടികളുടെ പേരിൽകോണി 2012 ലക്ഷ്യം കാണുന്നത് ജോസഫ് കോണിനെ പ്രസിദ്ധനാക്കുക എന്നതാണ്. അദ്ദേഹത്തിന്റെ പ്രവർത്തന നേട്ടങ്ങളുടെ കീർത്തനം പാടാനല്ല, അദ്ദേഹത്തെ അറെസ്റ്റ് ചെയ്തു രാജ്യാന്തര നീതിന്യായത്തിനു മുമ്പിൽ കൊണ്ടുവരിക എന്ന ആവശ്യവുമായാണ്. അതെ, ഈ സോഷ്യല് മീഡിയക്കതിനുള്ള കരുത്തുണ്ട്, ലോകത്ത് മാറ്റങ്ങളുടെ മുല്ലപ്പൂ കൊടുങ്കാറ്റുയർത്തിയ സോഷ്യൽ നെറ്റ്‌വർക്ക് മീഡിയക്ക് ലോകത്ത് സമാധാനം സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതു മഹത്തായ നേട്ടം തന്നെ.

ഉഗാണ്ടയുടെ മുൻ ഭരണാധികാരിയായിരുന്ന ഈദി അമിനെ കുറിച്ച് ലോകത്ത് വളരെ മോശമായ വാർത്തകൾ പ്രചരിപ്പിക്കുകയും അതിനു വേണ്ടി മത-രാഷ്ട്രീയ കളികളിലൂടെ ആഫ്രിക്കൻ ഭൂഖണ്ഡത്ത് കോപ്പുകൂട്ടിയവർ വ്യത്യസ്ത ഗോത്ര ഗ്രൂപ്പുകളെ ഒന്നിപ്പിച്ചു താൻസാനിയൻ സൈന്യത്തിന്റെ സഹായത്തോടെ 1979ൽ ഉഗാണ്ട-താൻസാനിയ യുദ്ധത്തിൽ സ്വച്ഛാതിപതി ഈദി അമിനെ ഭരണത്തിൽ നിന്നും പുറത്താക്കുകയും ശേഷം ഉഗാണ്ടൻ നാഷണൽ ലിബറേഷൻ ഫ്രണ്ട് രൂപീകൃതമാവുകയും ചെയ്തു. ഗോത്ര ഗ്രൂപ്പുകളുടെ ഏകികരണത്തിലുള്ള രാഷ്ട്രീയ നാടകങ്ങൾക്ക് ഉഗാണ്ട വീണ്ടും ഇരയാവുകയും ഉഗാണ്ടൻ പ്രാട്രിയോട്ടിക് ലീഡറായ യുവേരി മുസെവെനി തിരഞ്ഞെടുപ്പിൽ വഞ്ചന നടന്നെന്നു ആരോപിച്ചു രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ കേന്ദ്രീകരിച്ചു നാഷണൽ റെസിസ്റ്റൻസ് ആർമിക്ക് രൂപം കൊടുത്തു അധികാരത്തിലെത്തിയ ഉഗാണ്ട പീപ്‌ൾ കോൺഗ്രസ്സ് പാർട്ടിക്കെതിരെ തിരിഞ്ഞു. തുടർന്നു പല  ഗ്രൂപ്പുകൾ യോജിക്കുകയും ചെറിയ കൂട്ടങ്ങളായി ഏറ്റുമുട്ടുകയും ചെയ്തതാണ് ഉഗാണ്ടൻ-ബുഷ് യുദ്ധം. ഈ യുദ്ധത്തിന്റെ രാഷ്ട്രീയ കളികളിലിടപെട്ടാണ് ജോസഫ് കോൺ എന്ന ക്രിമിൻൽ ലീഡർ ശക്തിയാർജ്ജിക്കുന്നത്.

ഈദി അമീനെ പുറത്താക്കാൻ പ്രധാനകരുക്കൾ നീക്കിയ ഉഗാണ്ട നാഷണൽ ലിബറേഷൻ ആർമിയുമായി 1887ൽ ലയിപ്പിച്ചു യുനൈറ്റഡ് ഹോളി സാൽ‌വേഷൻ ആർമി രൂപീകരിക്കുകയും ഉഗാണ്ടയിലെ പ്രബലമായ രാഷ്ട്രീയ കഥാപാത്രമായി കോണി വളരുകയും ചെയ്തു. തുടർന്നു സൈനിക അക്രമങ്ങൾക്ക് പകരം പരിശുദ്ധ ജലം (ഹോളി വാട്ടർ) ഉപയോഗിച്ച് കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമായി ആത്മീയമായി (യുക്തിപരമായി) ഇടപെടുകയും അത് വളരെ വിജയിക്കുകയും ചെയ്തപ്പോൾ ആ കളികളെ നാഷണൽ ലിബറേഷൻ ആർമി നേതാക്കൾ തിരിച്ചറിയുകയും കോണിനെ നിയന്ത്രിക്കാൻ ബദൽ സംവിധാനമെന്ന നിലക്ക് ലോർഡ് ഓഫ് റെസിസ്റ്റന്റ് ആർമി രൂപീകരിച്ചുകൊണ്ട് കോണി ഗ്രൂപ്പിന്റെ ശക്തി കുറച്ചു. എന്നാൽ ജോസഫ് കോണിയുടെ കീഴിൽ രൂപീകൃതമായ കുട്ടിപട്ടാളത്തെ മാറ്റിയെടുകാനായില്ല. യുദ്ധങ്ങളിൽ ഒറ്റപെട്ടുപോയ കുഞ്ഞുങ്ങളെ ഉപയോഗപെടുത്തി സൈനിക ശക്തികൂട്ടുകയും ചോദ്യം ചെയ്യപെടാത്ത നേതാവാവുകയും ചെയ്ത കോണി ശക്തി കൂട്ടുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ ബലമായും തട്ടികൊണ്ടുവന്നും കുട്ടിപട്ടാളത്തിന്റെ എണ്ണം ലക്ഷത്തിൽ കൂടുതലാക്കി. 1992ൽ യുനൈറ്റഡ് ഡെമോക്രാറ്റിക് ക്രിസ്ത്യൻ ആർമി എന്നു പുതിയ പേര് സ്വീകരിക്കുകയും ആ വർഷം തന്നെ സ്കൂളിൽ നിന്നും 44 പെൺകുട്ടികളെ തട്ടികൊണ്ടുപോവുകയും ചെയ്തു തന്റെ ക്രിമിനൽ സ്വഭാവം ശരിക്കും പുറത്തെടുത്തു. കുട്ടിപട്ടാളത്തെ ഉപയോഗിച്ചു കോണിന്റെ നരനായാട്ട് ഉഗാണ്ടയിൽ അരങ്ങേറി. ഒരിക്കലും കോണിന്റെ വലയിൽ നിന്നും തിരിച്ചുപോകാനാകാത്ത വിധം കുട്ടികളെ ഗ്രൂപ്പുകളായി അവരുടെ വീട്ടിലേക്ക് അയച്ചു സ്വന്തം രക്ഷിതാക്കളെ കൊന്നുടുക്കാൻ നിർബന്ധിച്ചു, എതിർത്തവരെ വെട്ടിനുറുക്കിയും അംഗഛേദം വരുത്തുകയും ചെയ്തു. കുട്ടിപട്ടാളത്തിന്റെ രാഷ്ട്രീയ തലവനായി വിലസിയ ജോസഫ് കോണി ഉഗാണ്ടൻ ജനതയുടെ പേടിസ്വപ്നമായി വളർന്നു.

Joseph Kony

ആഫ്രിക്കൻ ഭൂഖണ്ഢത്തിൽ ഭരണത്തിലിരിക്കുന്നവരും റിബലുകളും തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജനങ്ങളെ കാശാപ് ചെയ്ത കണക്കു നിരത്താനാവില്ല. ഉഗാണ്ടയിൽ ജോസഫ് കോണി കുട്ടികളെ തട്ടി കൊണ്ടുപോയി റിബൽ സേനയുണ്ടാക്കുകയും തന്റെ സ്വകാര്യ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗപെടുത്തിയതിന്റെയും ശരിയായ വിവരണം കേട്ടാൽ മനുഷ്യത്വം മരവിച്ചുപോകും. തട്ടികൊണ്ടുപോകുന്ന കുഞ്ഞുങ്ങളെ നിർബന്ധിപ്പിച്ച് എൽ.ആർ.എ.യുടെ മിലിട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും സ്വന്തം കൈകൊണ്ട് രക്ഷിതാക്കളെ കൊന്നൊടുക്കിപ്പിച്ചും അടിമത്വത്തിന്റെ മൂർത്തിഭാവം സൃഷ്ടിച്ചു ലൈംഗികവും പൈശാചികവുമായ പ്രവർത്തി നയിക്കുകയും ചെയ്ത ജോസഫ് കോണിനെ പേടിച്ച് ഉഗാണ്ടയിലെ മനുഷ്യർ സ്വസ്തതയോടെ ഉറങ്ങാറില്ലായിരുന്നു.

ഏതു നേരവും മരണത്തെ മുഖാമുഖം കണ്ടു ഭയത്തോടല്ലാതെ ജീവിക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ച ജോസഫ് കോണിനെ കൈകാര്യം ചെയ്യാൻ ലോക പോലീസിനു താല്പര്യമുണ്ടായില്ല, രാഷ്ട്രീയ സമവാക്യങ്ങളിൽ സാമ്പത്തികമോ അധികാരമോ ആയ നേട്ടങ്ങളുടെ പട്ടിക കണ്ടെത്താനാവാത്തത് കൊണ്ടു തന്നെ പാശ്ചാത്യർക്കാർക്കും താല്പര്യമുണ്ടായിരുന്നില്ല, എന്നാൽ വസ്തുതകളെ തൊട്ടറിഞ്ഞ മനുഷ്യത്വം പേറുന്ന കുറച്ചാളുകളുടെ പരിശ്രമമായി ലോകത്ത് ഒരുപാടാളുകൾ സമാധാനം ആവശ്യപെട്ടുകൊണ്ട് മുന്നേറി, കൂട്ടായ്മ പിരമിഡുകളെ തകർത്തെറിയാൻ മാത്രം ജനശക്തി ആർജ്ജിക്കുകയും 2011ൽ കോണിനെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാൻ ഒബാമ തയ്യാറാവുകയും ചെയ്തപ്പോൾ ലോകത്ത് സോഷ്യല് സൈറ്റുകൾ ജനകീയമായി നന്മയുടെ മാർഗത്തിൽ എങ്ങിനെ ഉപയോഗപെടുത്താമെന്ന് ലോകം വിണ്ടും അനുഭവിച്ചറിയുകയായിരുന്നു.

എന്നാൽ കോണി2012 എന്ന കാമ്പയ്നിന്റെ ലക്ഷ്യങ്ങളുടെ ഉള്ളുകളികൾ കാണാതിരിക്കാനാവില്ല. കാണാതാവുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി രൂപീകൃതമായ http://www.invisiblechildren.com/ എൻ.ജി.ഒ. സംഘം ഫണ്ട് ഏൽപിക്കുന്നത് ഉഗാണ്ടൻ ഗവണ്മെന്റിനെയാണ്. ഉഗാണ്ടൻ ഗവണ്മെന്റിന്റെ പ്രവർത്തന പരിമിതികളും ലക്ഷ്യങ്ങളും മനസ്സിലാക്കാതെയുള്ള ഫണ്ട് വിതരണം എത്ര കുഞ്ഞുങ്ങളിലേക്ക് എത്തിപെടുന്നു എന്നതിന് കണക്കില്ല. മാത്രമല്ല കഴിഞ്ഞ വർഷം $8,676,614 ശേഖരിച്ചതിൽ 32 ശതമാനം കാശ് മാത്രമാണ് പ്രസ്തുത വിഷയത്തിൽ വിതരണം ചെയ്തിരിക്കുന്നത്. ബാക്കി വരുന്ന കാശ് കോൺ2012 ഡോക്യുമെന്ററി നിർമ്മാണത്തിനും അതിന്റെ സ്റ്റാഫിന്റെ ശംബളത്തിനും യാത്ര ചിലവുകൾക്കുമായ് ഉപയോഗപെടുത്തിയിരിക്കുന്നു. ഏതായിരിക്കട്ടെ, കുറച്ചെങ്കിലും പേർക്ക് ചെറുതായെങ്കിലും ഇതിന്റെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ, പ്രസക്തമായൊരൂ ചോദ്യം മുന്നിൽ ബാക്കിയാവുന്നു, ജോസഫ് കോണി ഇന്നലെ തുടങ്ങിയതല്ല നരനായാട്ട്, കഴിഞ്ഞ ഇരുപത് വർഷമായി. എന്നീട്ടെന്തെ ഇപ്പോൾ ഒരു പുതിയ ബോധോദയം?!


സോഷ്യൽ നെറ്റ്വർക്ക് രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി എങ്ങിനെ ഉപയോഗപെടുത്താമെന്നു തുണീഷ്യയും ഈജിപ്തും ലോകത്തിനു കാണിച്ചു തന്നു. ബില്ല്യണുകൾ നെറ്റീസൻഷിപ്പെടുത്ത അതിരുകളില്ലാത്ത സോഷ്യൽ നെറ്റ്വർക്ക് ലോകത്തെ ചിന്തകളെ ഏത് രീതിയിൽ തങ്ങൾക്കനുകൂലമായി മാറ്റിയെടുക്കാമെന്നും അതുവഴി രാഷ്ട്രീയ അജണ്ടകളെഴുതിയെടുക്കാമെന്നുമുള്ള സാമ്രാജ്യത്വ കളികളുടെ ഭാഗമായി പലതും സൃഷ്ടിക്കപെട്ടുകൊണ്ടിരിക്കുന്നു. മുമ്പ് ഈദി അമീനെ കുറിച്ച് മീഡിയ രാജാക്കന്മാർ രാഷ്ട്രീയം കളിച്ചെഴുതിയപ്പോൾ ലോകത്ത് വളരെ കുറച്ചുപേർക്കെ വാർത്തകളിൽ സംശയം തോന്നിയിരുന്നുള്ളൂ.. അന്നു അത്തരം വാർത്തകൾ കൊണ്ടുവന്നവരെ കുറിച്ചു പിന്നീട് കേൾക്കുന്നത് അതിനേക്കാൾ നാറിയ വാർത്തകളാണ്. യഥാർത്ഥ വില്ലന്മാരെ കാലം പുറത്തേക്ക് കൊണ്ടുവന്നു. എന്നീട്ടും  കഴിഞ്ഞ ഇരുപത് വർഷമായി അക്രമവും അരാജകത്വവും സൃഷ്ടിച്ചവർക്കെതിരെ ഒരു തരത്തിലും ഇടപെടാതെ മാറിനിന്നവർ ഇന്ന് സോഷ്യൽ നെറ്റ്വർക്ക് വഴി കൂടുതലാളുകൾ ജോസഫ് കോണിന്റെ അറസ്റ്റ് ആവശ്യപെട്ടത് കൊണ്ടാണ് രംഗത്തിറങ്ങിയിരിക്കുന്നത് എന്നു വിശ്വസിക്കാൻ ന്യായമില്ല. ഇപ്പോഴത്തെ ഇടപെടലിനു കാരണം കഴിഞ്ഞ വർഷം ഉഗാണ്ടൻ ഭൂമിക്കടിയിൽ ഓയിൽ ശേഖരം കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ 2011 ഒബാമ ഉഗാണ്ടയെ സേവിക്കാൻ സന്നദ്ധത കാണിക്കുകയും ഇന്ന് നൂറോളം സൈനികരെ ഉഗാണ്ടയിലേക്ക് അയക്കുകയും ചെയ്തിരിക്കുന്നു. ഇനി ഉഗാണ്ടയിലെ ജനങ്ങൾക്ക് സമാധാനം ലഭിക്കും, ലോക പോലീസ് സമാധാനം നൽകുമായിരിക്കും, പക്ഷെ സ്വന്തം നാടിന്റെ മജ്ജയും നീരും യഥേഷ്ടം ഊറ്റികുടിക്കാൻ അവരെ അനുവദിക്കണമെന്നു മാത്രം

വീഡിയോ കാണുക.


Related Posts Plugin for WordPress, Blogger...