Jan 26, 2015

മുസ്ലിം ആവിർഭാവവും ദേശീയതയും

ഇന്ത്യൻ സമുദ്രത്തെ 'അറബ് തടാക'മെന്ന് വിളിക്കാൻ മാത്രം വാണിജ്യ ബന്ധം അറബികൾക്കുണ്ടായിരുന്നു. മേഖലയിൽ എവിടെ എങ്കിലും കോളനീവാഴ്ച്ചയോ, ഒരു ഏകീകൃത രാജ്യമൊ അതിനുള്ള ആഗ്രഹമോ അറബികള്‍ക്കും അവരിലൂടെ തദ്ദേശീയരിൽ രൂപപെട്ട മുസ്‌ലിംകള്‍ക്കുമുണ്ടായിരുന്നില്ല. അറബികൾ വാണിജ്യ ശൃംഖലകളും അതിനാവശ്യമായ തുറമുഖങ്ങളും നിര്‍മിച്ചുകൊണ്ട് വ്യാപാരം നടത്തുകയും സ്വന്തം ദേശത്തെ ജനങ്ങള്‍ക്കപ്പുറം ദേശാടക ചെന്നെത്തിയ വ്യത്യസ്ത ദേശങ്ങളിലെ ജനങ്ങളെയും സാധ്യമായ മണ്ഡലങ്ങളിൽ ഒന്നിപ്പിച്ചു നിർത്താൻ സാധ്യമായ മേഖലകൾ ഉപയോഗപെടുത്തി. അറബികൾ തദ്ദേശീയരെ വിവാഹം കഴിക്കുകയും അതുവഴി ഭാഗികമായി അറബിയും പ്രാദേശികനും മുസ്‌ലിമുമായ മിശ്രിതവും സങ്കര സംസ്‌കാരത്തിലൂന്നിയതുമായ തലമുറ ആഫ്രിക്കയിലെ സ്വാഹിലികളെ പോലെ മലബാറിലെ മാപ്പിളമാരെ പോലെ, ഈസ്റ്റേഷ്യൻ ഭാഗങ്ങളിൽ മലായികളും ജാവനികളുമൊക്കെയായി സ്വദേശി സ്വത്വം സ്വീകരിക്കുകയും മതബോധത്തിലൂന്നിയ ദേശീയ ബോധമുള്ള പൌരന്മാരിലൂടെ നല്ലൊരൂ സമൂഹം രൂപപെടുകയും ചെയ്തു.

ഇസ്ലാം മതം അറേബ്യൻ ഭൂമിയിൽ പ്രചരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കേരളം, സിലോൺ, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ എത്തിയിരുന്നു. എഡി. ഏഴാം നൂറ്റാണ്ടിൽ അറബികൾ വ്യാപാരാവശ്യങ്ങളിലും ഇസ്ലാംമത പ്രചാരണത്തിനുവേണ്ടിയും വിദേശ രാജ്യങ്ങൾ സന്ദർശിച്ചതിനു ശേഷം സിലോണിൽ നിന്നും മടങ്ങുന്നതിനിടയിൽ യാത്രാമധ്യേ കേരളത്തിലെ പ്രധാന തുറമുഖപട്ടണമായ കൊടുങ്ങല്ലൂരിലെത്തുകയും ചേരമാൻ ചക്രവർത്തിയെ കാണുകയും ചെയ്തു.  ഇസ്ലാം മതത്തെ കുറിച്ചും അറേബ്യൻ ഭൂമിയിലെ അതിന്റെ വ്യാപനവും അത് ജനജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും മനസ്സിലാക്കി ഇസ്ലാംമതത്തിൽ ആകൃഷ്ടനായി ചേരമാൻ തന്റെ രാജ്യം മറ്റുള്ളവർക്ക് വീതിച്ചുകൊടുത്ത് മക്കയിലേക്കു പുറപ്പെട്ടു എന്നും ചരിത്ര ഗ്രന്ഥങ്ങളിൽ സൂചനകളുണ്ട്.  പോർച്ചുഗീസ് സഞ്ചാരിയായ ബാർബോസ ഇത് രേഖപെടുത്തിയിട്ടുണ്ട്. കേരളത്തിൽ മറ്റു രാജക്കന്മാരുടെ ഉദ്ഭവത്തെ കുറിച്ച് പല ഗ്രന്ഥങ്ങളിലും പ്രസ്താവിക്കുന്നത് ചേരമാൻപെരുമാളുടെ മക്കായാത്രയെ തുടർന്ന് രാജ്യം വിഭജിക്കപ്പെട്ടാണ് പല രാജവംശങ്ങളും ഉണ്ടായത് എന്നാണ്. 

താവട്ടെ, സുഗന്ധദ്രവ്യങ്ങളിൽ വ്യാപാരം ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയിൽ എത്തിയ അറബികൾ പല മേഖലകളിലും വ്യാപാര കേന്ദ്രങ്ങളുണ്ടാക്കുകയും വ്യാപാര പ്രതിനിധികളെന്ന നിലയിൽ തുറമുഖകേന്ദ്രങ്ങളിൽ വാസമുറപ്പിക്കുകയും ചെയ്തു, തദ്ദേശിയരെ വിവാഹം ചെയ്തുകൊണ്ട് ഇവിടെ കൂടിയവരും അവരിൽ നിന്ന് ചൈതന്യം സ്വീകരിച്ചുകൊണ്ട് അവരുടെ മതവിശ്വാസങ്ങൾ സ്വീകരിച്ചവരുമുണ്ടായി. അങ്ങിനെ കേരളത്തിൽ ഇസ്ലാം മതത്തിന് വേരുകളുണ്ടായി. അങ്ങിനെ അവർ ചെറിയ സമൂഹമായി മാറി. വാണിജ്യങ്ങളിൽ ഇടപെട്ടിരുന്ന മുസ്ലിംങ്ങൾ കേരളീയ രാജാക്കന്മാരുടെ വിശ്വസ്തസേവകരാവുകയും തുറമുഖങ്ങൾ കേന്ദ്രീകരിച്ചു ജീവിച്ച മുസ്ലിംങ്ങളിൽ നിന്നും നാവികമേധാവികളുമുണ്ടായി. അങ്ങിനെ കോഴിക്കോട്ട് സാമൂതിരിയുടെ രാഷ്ട്രീയാധിപത്യം വർദ്ധിക്കുകയും കേരളത്തിലെ പ്രമുഖനായ രാജാവാകുന്നതിന് സഹായകമാവുകയും ചെയ്തു. പാശ്ചാത്യ ആധിപത്യം കേരളത്തിൽ വന്ന് സ്ഥാപിതമാകുന്നത് വരെ വളരെ ഐക്യത്തോടെയും സാഹോദര്യത്തോടെയും അവർ ജീവിച്ചിരുന്നു.

പാശ്ചാത്യ ശക്തികളുടേ കോളനി വാഴ്ച്ചയും അവരുടെ മതവിശ്വാസ പ്രചരണവും ലോകത്ത് വ്യാപിച്ചതിനു ഭിന്നമായാണ് അറേബ്യയിൽ നിന്നും അറബികളുടെ പ്രയാണവും അവരുടെ മതവിശ്വാസവും ഇതര ഭാഗങ്ങളിൽ വ്യാപിച്ചത്. സാമ്രാജ്യത്വ ചിന്തകൾ അവരിൽ നിന്നും ഉണ്ടായിട്ടില്ല ആർക്കും കൈമാറ്റം ചെയ്യപെട്ടിട്ടുമില്ല. അവരിൽ നിന്നും മതം സ്വീകരിച്ച തദ്ദേശീയരിലും സാമ്രാജ്യത്വമൊ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തോടുള്ള താല്പര്യമൊ ഉണ്ടായിരുന്നില്ല.  അറബികൾക്ക് കച്ചവടം എന്നതിനപ്പുറം രാജ്യ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ യുദ്ധങ്ങളും പിടിച്ചടക്കലും ഉണ്ടായില്ല, കേരളത്തിൽ ഇസ്ലാമിക സമൂഹം വളരെ സനേഹ സാഹോദര്യത്തിൽ രൂപപെട്ടതുപോലെ തന്നെയാണ് ഈസ്റ്റേഷ്യൻ രാജ്യങ്ങളിലും ഇസ്ലാം വളർന്നു വന്നത്. അവിടെയൊന്നും ചെറിയ ഏറ്റുമുട്ടലുകൾ പോലും ഉണ്ടായതായി കാണാൻ കഴിയില്ല. കാരണം ഇസ്ലാം വളർന്നത് ആ സമൂഹത്തിന്റെ അംഗീകാരത്തോടു കൂടിയായിരുന്നു, അവിടെ എത്തിയ അറബികളാവട്ടെ, ആ രാജ്യങ്ങളെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കണമെന്നൊ തങ്ങളുടെ രണ്ടാം രാജ്യമാക്കാനോ ആഗ്രഹിച്ചില്ല. അവിടങ്ങളിൽ രൂപപെട്ട മുസ്ലിം സമൂഹത്തിനാകട്ടെ, തങ്ങളുടെ മാതൃരാജ്യത്തിനപ്പുറം ഏതെങ്കിലും അറബ് രാജ്യങ്ങളെ തങ്ങളുടെ ആധിപത്യ രാജ്യമായൊ രണ്ടാം രാജ്യമായൊ ഗണിച്ചതുമില്ല. അതുകൊണ്ടുതന്നെയാണ് കച്ചവടത്തിനപ്പുറം രാജ്യത്തെ കോളനികളാക്കാൻ വന്ന പാശ്ചാത്യരോട് ഏറ്റുമുട്ടാനും അവർക്കെതിരെ ശക്തമായി നിലകൊള്ളാനും അതാത് രാജ്യങ്ങളിലെ മുസ്ലിംങ്ങൾ തങ്ങളുടെ രാജ്യ സംരക്ഷണത്തിന് മുന്നിൽ നിന്നിരുന്നതായി കാണാൻ സാധിക്കുന്നത്. 

**
ഈസ്റ്റ് എഷ്യൻ രാജ്യങ്ങളിൽ കച്ചവട സംഘങ്ങളായി എത്തിവരിലൂടെ മേഖലകളിൽ ഇസ്ലാം വ്യാപിച്ചു, ആ മാറ്റങ്ങളിൽ രക്തചൊരിച്ചിലുകൾ കാണാൻ സാധിക്കില്ല. ഈസ്റ്റേഷ്യയുടെ ഭാഗങ്ങളിലേക്കും പ്രവേശിച്ചുകൊണ്ട് കച്ചവടത്തിൽ ഇടപെട്ടവരുടെ മാനുഷികവും നീതിയുക്തവുമായ ഇടപെടലും ജീവിത രീതികളിലും ആകൃഷ്ടരായിട്ടാണ് ഇസ്ലാം വളർന്നത്. ഏഷ്യൻ രാഷ്ട്രങ്ങളിൽ ഇന്ത്യക്ക് ശേഷം ഇന്തോനേഷ്യൻ ഐലന്റുകൾ, മലായ്, ഇന്നത്തെ ഫിലിപ്പൈൻസ് തുടങ്ങിയ ദീപുസമൂഹങ്ങളിൽ ഇസ്ലാം ശക്തിയായി വളർന്നു, കേരളത്തിലെ അറക്കൽ രാജ വംശത്തെപോലെ തദ്ദേശീയ ഭരണകൂടത്തിലും പരിവർത്തനങ്ങളുണ്ടായി ഇസ്ലാമിക ഭരണകൂടങ്ങൾ സ്ഥാപിക്കപെടുകപോലുമുണ്ടായി. എങ്കിലും ഒരു സാമ്രാജ്യ സംങ്കല്പത്തിനതീതമായിരുന്നു അവ, കാരണം ഇസ്ലാമിക സാമ്രാജ്യം വളർത്തിയെടുക്കുവാൻ യുദ്ധത്തിനിറങ്ങിയവരായിരുന്നില്ല, മറിച്ച് കച്ചവടവും കൂടെ തങ്ങൾ മനസ്സിലാക്കിയ വിശ്വാസത്തെ കുറിച്ചു പറഞ്ഞുകൊടുത്തുമുള്ള ജീവിത ചര്യയാണ് പരിവർത്തനങ്ങളുണ്ടായത്. ഇന്ത്യയിലേ പോലെ ഇതര വസ്തുക്കളിൽ വിശ്വസിക്കുന്ന പ്രത്യേക മതവിശ്വാസികളെന്ന് പറയുന്നവരായിരുന്നില്ല ഈസ്റ്റ് ഏഷ്യയിൽ അതിക ഭാഗങ്ങളിലേയും ജനങ്ങൾ, അതിനാൽ തന്നെ അവിടങ്ങളിൽ ഇസ്ലാം വന്നതോട് കൂടി മാറ്റങ്ങളുണ്ടായി ഇസ്ലാമിക ചെറു രാജ്യങ്ങൾ രൂപപെട്ടു, ഇസ്ലാം വിശ്വസിക്കാത്ത ഭാഗങ്ങളിൽ മറ്റു വിശ്വാസങ്ങളിൽ ജീവിക്കുന്ന സമൂഹങ്ങളും അവരെ നയിക്കുന്ന ഭരണകൂടങ്ങളും ഉണ്ടായിരുന്നെങ്കിലും തമ്മിൽ യുദ്ധങ്ങളില്ലാതെ ജീവിച്ചു, അതിനു പ്രധാന കാരണം യുദ്ധങ്ങളിലൂടെയായിരുന്നില്ല ഇസ്ലാമിക മതം അവരിൽ രൂപം കൊണ്ടത്. ഇസ്ലാം സമാധാനത്തിന്റെ മതമാണ്, യുദ്ധത്തിലൂടെയല്ല ലോകത്ത് ഇസ്ലാം വ്യാപിച്ചത് എന്നത് ചരിത്ര സത്യമാണ്.

കേരളത്തിൽ സാമ്രാജ്യ അജണ്ടകളുമായി പാശ്ചാത്യർ എത്തിയത് പോലെ ഈസ്റ്റേഷ്യൻ രാജ്യങ്ങളിലും പാശ്ചാത്യർ എത്തുകയുണ്ടായി. അവിടെ നടന്ന യുദ്ധങ്ങളും സ്വതന്ത്ര്യ പോരാട്ടങ്ങളുമെല്ലാം പ്രധാനമായും മുസ്ലിം നേതൃത്വത്തിനു കീഴിലായിരുന്നു ഉണ്ടായത്.  സ്പെയിനിന്റെ മഗെല്ലനെ ഫിലിപൈൻസിൽ വച്ച് കൊലപ്പെടുത്തിയ, ഫിലിപ്പൈൻസിലെ 'ആദ്യഹീറോ' എന്നറിയപ്പെടുന്ന ലാപു ലാപു (Lapu-Lapu) മുസ്ലിം പോരാളിയാണ്. ഫിലിപൈൻസിന്റെ സ്വതന്ത്യപോരാളികളുടെ സ്റ്റാച്യുവായി ഇന്നും ലാപു- ലാപുവിന്റെ പ്രതിമകൾ ഇന്നും ഫിലിപ്പൈൻസിൽ വ്യാപകമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. സായുധരായ പാശ്ചാത്യർ ജനങ്ങളെ കൊന്നൊടുക്കിയും അടിമകളാക്കിയും രാജ്യങ്ങളെ കോളനികളാക്കി മാറ്റിയപ്പോൾ മുസ്ലിംങ്ങൾ അവർ നാടിനോട് കൂറുള്ളവരായി, മറ്റു രാജ്യങ്ങളോട് വിദേയത്വം പ്രകടിപ്പിക്കാതെ മാതൃരാജ്യത്തിനുവേണ്ടി പോരാടി രക്തസാക്ഷികളായി എന്നത് ചരിത്രത്തിന്റെ രേഖകളിൽ കാണാവുന്നതാണ്. അമാനില്ലഎന്ന ഏറെ ഉന്നതിയിലെത്തിയ മുസ്ലിം സിറ്റിയാണ് പിന്നീട് അറബികളുമായുള്ള ബന്ധത്തെ അറുത്തെറിഞ്ഞുകൊണ്ട് ഒഴിവാക്കി 'മനില'യായി മാറിയത്. സതേൺ ഭാഗത്ത് ശക്തമായ് ഭരണകൂടത്തിനു കീഴിൽ മൊറെ മുസ്ലിങ്ങൾ ഭരണം നഷ്ടപെട്ടെങ്കിലും കീഴടങ്ങാതെ തങ്ങളുടെ മണ്ണിനു പൊരുതി, ഇന്നും ആ പോരാട്ടം നിലനിൽക്കുന്നു!! വൈദേശിക ശക്തികളായ സ്പാനീഷ് സാമ്രാജ്യത്വ ശക്തികൾ രാജ്യം കീഴടക്കി ഫിലിപൈൻസ് എന്ന രാജ്യമുണ്ടാക്കി. സ്പൈൻ രാജാവ് ഫിലിപിന്റെ ദീപ് എന്നർത്ഥത്തിൽ ഫിലിപൈൻസ് എന്ന രാജ്യം സൃഷ്ടിച്ചത് മുസ്ലിം നാട്ടുരാജ്യങ്ങൾ പിടിച്ചടക്കി തദ്ദേശീയരെ കൊന്നൊടുക്കിയാണ്. ആ ഫിലിപൈൻസിനെതിരെയുള്ള ആ രാജ്യത്തെ ജനത ശക്തമായി പോരാടി, പോരാട്ടം ചില ദ്വീപുകളെ കേന്ദ്രമാക്കി നടത്തി. ഇന്നും ചില ദ്വീപുകൾ കേന്ദ്രീകരിച്ച് ഇത്തരം പോരാട്ട സംഘങ്ങളുണ്ട്, സ്വതന്ത്യപോരാട്ടങ്ങളുടെ ഏറ്റവും പഴക്കം ചെന്നത് ഇന്ന് മൊറൊയിലെ മുസ്ലിംങ്ങളുടേതാണ്, 480ൽ കൂടുതൽ വർഷങ്ങളായി ഇന്നും ആ എതിർപ്പ് അവരിൽ നില നിൽക്കുന്നു. പക്ഷെ ഭൂമിയുടെ അവകാശികളായ അവരിന്ന് ഫിലിപൈൻസ് തീവ്രവാദികളാണ്. അവരുടെ കൊലപാതക, അക്രമണ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നില്ല, കാലങ്ങളായുള്ള മാറ്റങ്ങളിൽ അവരിൽ മൂല്ല്യച്യുതി സംഭവിച്ചിട്ടുണ്ട്. തീവ്രവാദികളെന്നു വിളിക്കുന്നവരുടെ ചരിത്രം സൂചിപ്പിച്ചെന്നുമാത്രം.

അതുപോലെ തന്നെയാണ് ഓസ്ട്രേലിയയിലും. ഓസ്ട്രേലിയയിൽ പാശ്ചാത്യർ വരുന്നതിന് മുമ്പ് മുസ്ലിംങ്ങൾ അവിടെ എത്തിയിരുന്നു, ഈസ്റ്റ് ഏഷ്യൻ ഭാഗങ്ങളിലുള്ള മുസ്ലിംങ്ങൾ ഓസ്ട്രേലിയയുമായ് വാണിജ്യത്തിലേർപ്പെടുകയും അവരിൽ ആകൃഷ്ടരായി വലിയൊരൂ വിഭാഗം മുസ്ലിംങ്ങളാവുകയും ചെയ്തു, പ്രത്യേക രാജ്യ താല്പര്യങ്ങളിൽ ജീവിക്കാത്തതിനാലും ഏതെങ്കിലും രാജ്യത്തിന്റെ ഭാഗമാവണമെന്ന് ചിന്തയില്ലാത്തതിനാലും അവരു സ്വതന്ത്ര്യ സമൂഹമായി ജീവിച്ചു പോയി. ആസ്ട്രേലിയയിലെ ആദിമ മനുഷ്യരുടെ വിശ്വാസങ്ങളെ പഠനവിധേയമാക്കിയപ്പോൾ ഏക ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ചില മൂല്ല്യങ്ങഓസ്ട്രേലിയൻ ആദിമ വംശക്കാരായ അബോർജിനലുകളിൽ കാണുന്നുണ്ട്അബോർജിനുകൾക്ക് ഈസ്റ്റ് ഏഷ്യൻ മുസ്ലിങ്ങളുമായുള്ള ബന്ധം ഇംഗ്ളീഷ് വരവോടെ ഇല്ലാതായി. പാശ്ചാത്യർക്കെതിരെ അബോർജിനുകൾ അവർക്കാവുന്ന ചെറുത്തുനില്പുകൾ നടത്തിയെങ്കിലും സായുധ സേനക്കുമുന്നിൽ അതിനു നിലനില്പുണ്ടായില്ല. അബോർജിനുകളുടെ നല്ലൊരൂ ശതമാനത്തെ കൂട്ടത്തോടെ കൊന്നൊടുക്കുകയും അടിമകളാക്കുകയും അവരുടെ വിശ്വാസങ്ങളെയും മൂല്ല്യങ്ങളെയും നിഷ്കാസനം ചെയ്യുക വഴി ഓസ്ടേലിയയിൽ ഇസ്ലാമിന്റെ ശബ്ദങ്ങൾ തീരെ കുറഞ്ഞു, പിന്നീട് ഒറ്റപെട്ട കച്ചവടങ്ങൾക്കായ് അഫ്‌ഗാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും എത്തിയവരിലൂടേയും ഇസ്ലാമിന്റെ ശബ്ദങ്ങൾ ഓസ്ട്രേലിയയിൽ കേൾക്കാനായി എന്നുമാത്രം. മനുഷ്യവാസം തീരെ കുറഞ്ഞ ഭൂമിയിലേക്ക് ഒട്ടകങ്ങളെ കൊണ്ടു വരുന്നത് അഫ്ഗാനിൽ നിന്നായിരുന്നു, അതാണ് പിന്നീട് ഡെസേർട്ട് ട്രൈനുകളായി മാറ്റപെട്ടത്. താവട്ടെ, പല ടെറിട്ടറികളായുള്ള ഓസ്ട്രേലിയ ഇന്നും ചില രേഖകളിൽ ഇംഗ്ലണ്ടിന്റെ ഭാഗമാണ്, അത്രമാത്രം സാമ്രാജ്യത്വം അവിടെ കുടിയിരുന്നു. 

**
പാശ്ചാത്യ ശക്തികളുടേത് കോളനി വെട്ടിപ്പിടുത്തങ്ങൾക്കുള്ള സഞ്ചാരമായിരുന്നപ്പോൾ ഇസ്‌ലാമിക സമൂഹത്തിന്റേത് വ്യാപാരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ദേശാടനമായിരുന്നു. പാശ്ചാത്യ ശക്തികൾ ലോകം കീഴടക്കി അത് ഡിസ്‌കവറിയായി ചരിത്രത്തിൽ രേഖപെടുത്തുമ്പോൾ അവിടെ ചരിത്രമായി കഴിഞ്ഞ ഒരു ജനതയെ തഴയപെടുന്നു, അവിടം ജീവിച്ച ഭൂമിയുടെ അവകാശികൾ രണ്ടാം തരം പൌരന്മാരുമായി മാറുന്നത് പോലെ അവരുടെ ചരിത്രവും രണ്ടാംതരമായി മാറ്റി. കൊളമ്പസ് അമേരിക്ക കണ്ടെത്തുന്നതിന് മുമ്പ് അവിടെ മനുഷ്യർ ജീവിച്ചിരുന്നു, റെഡിന്ത്യൻസെന്നു പറഞ്ഞു അവരെ അടിമകളാക്കി സമൂഹത്തിന്റെ താഴേ നിലയിലേക്ക് മാറ്റി നിർത്തി. അതു തന്നെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാനാവുക.  സാമ്രാജ്യ ശക്തികൾ കോളനി രാജ്യങ്ങൾ സൃഷ്ടിച്ചുകൊണ്ട്  സാമ്രാജ്യ വ്യാപനം ഏറെ കാലം നീണ്ടു നിൽക്കുകയും വലിയ യുദ്ധങ്ങൾക്ക് പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഇങ്ങിനെയുള്ള കോളനികൾ രൂപപെടുത്തുക വഴി പാശ്ചാത്യർ ലക്ഷ്യമിട്ടത് നിർബന്ധ മതപരിവർത്തനം മാത്രമായിരുന്നില്ല, തങ്ങളുടെ ജീവിതമാർഗത്തിന് അതാത് രാജ്യങ്ങളിലെ സമ്പത്ത് കൊള്ളയടിക്കുകയും നല്ലൊരൊ വിഭാഗം ജനങ്ങളെ അടിമകളാക്കി മാനുഷിക വിഭവങ്ങളായി വ്യത്യസ്ത മേഖലകളിൽ ഉപയോഗപെടുത്തുകയും ചെയ്യുക എന്നതുമായിരുന്നു. ഇതിൽ നിന്നെല്ലാം അറബ് സമൂഹം വിഭിന്നമായിരുന്നു എന്നതിനാൽ അവരിലൂടെ കടന്നുവന്ന മതവിശ്വാസികൾക്ക് തദ്ദേശീയമായ രാഷ്ട്രീയ ചിന്തകളെ ഉണ്ടായിരുന്നുള്ളൂ.

പലർക്കുമറിയുന്ന ചരിത്രത്തിന്റെ ഏടുകളിൽ നിന്നും ഇതൊക്കെ പുറത്തേക്കെടുത്ത് എഴുതുന്നത് ചില വസ്തുതകളെ ഓർമ്മപെടുത്താനാണ്, അറബികളുടെ മതവിശ്വാസങ്ങളിൽ ആകൃഷ്ടരായി അവരുടെ മതം തദ്ദേശീയർ സ്വീകരിച്ചത് നിർബന്ധങ്ങളിലൂടെയൊ അക്രമണങ്ങളിലൂടെ ആയിരുന്നില്ല, ഇസ്ലാമിക വിശ്വാസം സ്വീകരിച്ചത് കൊണ്ട് അവരുടെ ദേശ സനേഹം കുറഞ്ഞിട്ടുമില്ല, മറ്റേതെങ്കിലും രാജ്യത്തെ തങ്ങളുടെ രണ്ടാമത്തെ ദേശമായൊ ഭാഗമായൊ പരിഗണിച്ചിരുന്നില്ല, ദേശത്തിനോടും ദേശീയ പോരാട്ടങ്ങളിലും മുസ്ലിംങ്ങൾ മുന്നിൽ നിന്നിരുന്നു, മാതൃ രാജ്യത്തോടുള്ള മുസ്ലിംങ്ങളുടെ കൂറും ദേശീയതയും ദേശ സ്നേഹവും എത്ര ഔന്നത്യം പ്രാപിച്ചിരുന്നൊ, അതിനേക്കാൾ കൂടുതലൊന്നും മറ്റൊരൂ സമൂഹത്തിനും പറയാനില്ല. എന്നാൽ ഇന്ന് മുസ്ലിംങ്ങളുടെ ദേശ സ്നേഹവും ദേശീയ ബോധവും ചിലർ ത്രാസിലിട്ട് തൂക്കി വിലപറയാൻ ശ്രമിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിൽ സ്വതന്ത്ര്യ പോരാട്ടങ്ങൾക്ക് പാരവെച്ചവർ, സാമ്രാജ്യത്വത്തിന്റെ പിമ്പുകളുമായിരുന്നവർ അവർക്ക് പേരിനു പോലും സ്വതന്ത്ര്യ സമര പോരാളിയേയൊ നായകരേയൊ കാണിക്കാനാകില്ല, അതുകൊണ്ടുതന്നെ കോൺ‌ഗ്രസ് നേതാക്കളിൽ ചിലരെ തങ്ങളുടെ ഐക്കണായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു, നീതിയുടെ ഒരംശത്തിൽ പോലും അവരതിന് അർഹരല്ല, എന്നീട്ടും കപട ദേശീയതയുടെ ഉച്ചിയിൽ പല്ലിളിച്ചിരുന്ന് മറ്റുള്ളവരുടെ ദേശീയ ബോധത്തിന് മാർക്കിടുന്നത് കാണുമ്പോൾ സ്വബോധം നഷ്ടപെടാത്തെവരെ ചരിത്ര സത്യം ഓർമ്മിപ്പിക്കപെടേണ്ടതുണ്ട് എന്നതിനാൽ മാത്രം ഇത്രയും എഴുതിയത്. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായമായതിന്റെ ഓർമ്മക്കായി ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുമ്പോൾ വർഗീയ, കപട ദേശീയതയെ തിരിച്ചറിഞ്ഞു രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മതേതര മൂല്ല്യങ്ങളിൽ നിലകൊള്ളുന്നവരുമായി നാം മാറണം എന്ന ഓർമ്മപെടുത്തലുകളോടെ, എവർക്കും റിപബ്ലിക് ദിന ആശംസകൾ..


Related Posts Plugin for WordPress, Blogger...